ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ യാതൊരു നിയന്ത്രണവും കൊണ്ടുവരില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി

Posted on: April 22, 2015 1:09 pm | Last updated: April 23, 2015 at 12:08 am

Ravi-Shankar-Prasadന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ യാതൊരു നിയന്ത്രണവും കൊണ്ടുവരില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡയകളില്‍ സജീവമാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏതെങ്കിലുംതരത്തിലുള്ള നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ട്രായ് കൈക്കൊള്ളുമെന്നും രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ പറഞ്ഞു. സഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് നെറ്റ് ന്യൂട്രാലിറ്റി വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നേരത്തെ രാഹുല്‍ നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 24നാണ് നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് ട്രായ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. അതുവരെ പൊതുജനങ്ങള്‍ക്ക് ട്രായ് വെബ്‌സൈറ്റ് വഴി അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്.