വോട്ടര്‍ ഐ ഡി കാര്‍ഡ് മാറ്റല്‍: ബി എല്‍ ഒമാര്‍ യോഗം ബഹിഷ്‌കരിച്ചു

Posted on: April 22, 2015 9:00 am | Last updated: April 22, 2015 at 9:34 am
SHARE

മണ്ണാര്‍ക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഐ.ഡി കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഫോട്ടോ മാറ്റുന്നതുമായി മണ്ണാര്‍ക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുച്ചേര്‍ത്ത യോഗം ബൂത്ത് ലെവല്‍ (ബി പി ഒ)ഉദ്ദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. മെയ് 5നകം ഓരോ ബി എല്‍ ഒവിന്റെ പരിധിയിലെ വോട്ടര്‍മാരുടെ ആധാറും ഫോട്ടോയും അടക്കമുളള രേഖകള്‍ നേരിട്ട്‌ചെന്ന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗമാണ് ഉദ്ദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചത്.
ചുരുങ്ങിയ സമയ പരിധിക്കുളളില്‍ വാര്‍ഡിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് രേഖകള്‍ സ്വീകരിക്കുകയെന്നത് ഏറെ അപ്രായോഗികമാണെന്നും ഇതിനായി നല്‍കുന്ന പ്രതിഫലം അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബി എല്‍ ഒമാര്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നത്. ഓരോ ബൂത്തിലും ആയിരത്തിലധികം വോട്ടര്‍മാരാണ് നിലവിലുളളത്. ഇവരെയെല്ലാം നേരില്‍കണ്ട് രേഖകള്‍ വാങ്ങുകയെന്നത് പ്രായോഗികമല്ല.
അതുകൊണ്ട് തന്നെ ഓരോ പോളിംങ് ബൂത്ത് കേന്ദ്രീകരിച്ചും ഇത്തരം രേഖകള്‍ സ്വീകരിക്കാനുളള സംവിധാനമൊരുക്കണമെന്നതാണ് ബി എല്‍ ഒമാര്‍ ആവശ്യപ്പെടുന്നത്.