പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം മേയില്‍

Posted on: April 22, 2015 5:35 am | Last updated: April 21, 2015 at 11:36 pm

ന്യൂഡല്‍ഹി: പുതിയ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം പാര്‍ലിമെന്റ് സമ്മേളനത്തിന്റെ അവസാന വാരം അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലുയര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു.
മേയ് രണ്ടാമത്തെ ആഴ്ചയാണ് ബജറ്റ് സമ്മേളത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കുന്നത്. ഇതിന് മുമ്പ് മേയ് അഞ്ചിന് ശേഷം ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സമ്മേളത്തിന്റെ ആദ്യ ദിവസങ്ങളില്‍ റെയില്‍വേ അടക്കം പ്രധാനമപ്പെട്ട മന്ത്രാലയങ്ങളുടെ ഉപധനാഭ്യര്‍ഥനകളും ധനബില്ലും പാസാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ കൊണ്ടുവരുന്നതിന് മുമ്പ് ചരക്ക് സേവന നികുതി ബില്‍, കള്ളപ്പണം തടയുന്നതിനുള്ള ബില്ലുകള്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ഭൂമി ഏറ്റെടുക്കല്‍ ഭേഗഗതി ബില്‍ ഏത് സഭയില്‍ കൊണ്ടുവരണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ബി ജെ പി എം പിമാര്‍ തയ്യാറാകണമെന്ന് രാവിലെ നടന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഈ വിഷയമുയര്‍ത്തി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തടയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.