Connect with us

Ongoing News

138 പന്തില്‍ 350 റണ്‍സ് ! ഏകദിന ക്രിക്കറ്റില്‍ പുതുചരിതം

Published

|

Last Updated

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ 138 പന്തില്‍ 350 റണ്‍സ്! ഇംഗ്ലണ്ടില്‍ ക്ലബ്ബ് മത്സരത്തിലാണ് ചരിത്രസംഭവം. ദേശീയ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ നാന്റ്‌വിചിന്റെ ലിയാം ലിവിംഗ്‌സ്റ്റോണാണ് ക്രിക്കറ്റിലെ വിസ്മയപ്രകടനം കാഴ്ചവെച്ചത്. 34 ഫോറുകളും 27 സിക്‌സറുകളും ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
ഇരുപത്തൊന്നുകാരന്റെ വെടിക്കെട്ടില്‍ കാല്‍ഡി ക്ലബ്ബിനെതിരെ 45 ഓവറില്‍ ഏഴ് വിക്കറ്റിന് 579 റണ്‍സടിച്ച് കൂട്ടി. കാല്‍ഡിയാകട്ടെ, കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ശരിക്കും പകച്ചുപോയി. 79ന് ആള്‍ ഔട്ട്. 500 റണ്‍സിന് ലിവിംഗ്സ്റ്റണും കൂട്ടരും ജയമാഘോഷിച്ചു. അഭിനന്ദനപ്രവാഹമായിരുന്നു യുവതാരത്തിന്. ട്വിറ്ററിലൂടെ എല്ലാവരോടും നന്ദിയറിയിക്കാന്‍ ലിവിംഗ്സ്റ്റണും മറന്നില്ല.
ഏകദിന ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനം ലിവിംഗ്സ്റ്റണിന്റെതാകുമെന്നാണ് കരുതപ്പെടുന്നത്. 2008 ല്‍ ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ ഹൈദരാബാദിലെ നിഖിലേഷ് സുരേന്ദ്രന്‍ പുറത്താകാതെ 334 നേടിയിരുന്നു. പതിനഞ്ചുകാരന്റെ റെക്കോര്‍ഡാണ് ഇംഗ്ലീഷ് ക്രിക്കറ്റര്‍ തകര്‍ത്തത്.