Connect with us

National

ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് എതിരെയുള്ള ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ രാഷ്ട്രതലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്നത് നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ ജി ടി) ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. ഡല്‍ഹിയിലെ വായുമലിനീകരണം തടയാന്‍ ഉതകുമെന്ന പ്രതീക്ഷയിലാണ് എന്‍ ജി ടിയുടെ ഉത്തരവ്. “എന്‍ ജി ടിയെ നമുക്ക് സഹായിക്കാം. അതിനെ നിരുത്സാഹ പെടുത്താതിരിക്കാം” – ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി ബഞ്ച് പറഞ്ഞു. പത്ത് വര്‍ഷം പഴക്കമുള്ള എല്ല ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ദേശീയ തലസ്ഥാന മേഖലയിലെ റോഡുകളില്‍ ഓടരുതെന്ന് ഏപ്രില്‍ എട്ടിന് എന്‍ ജി ടി ഉത്തരവിട്ടിരുന്നു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഡല്‍ഹി റോഡുകളില്‍ സര്‍വീസ് നടത്തുന്നത് നിരോധിച്ച് 2014 ഡിസംബറില്‍ എന്‍ ജി ടി പുറപ്പെടുവിച്ച ഉത്തരവ് ഒന്നുകൂടി കര്‍ക്കശമാക്കിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ലൈറ്റ്, ഹെവി വാഹനങ്ങള്‍ക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. എന്‍ ജി ടിയുടെ ഉത്തരവ് സിറ്റിയിലോടുന്ന 1,18,773 സ്വകാര്യ വാഹനങ്ങള്‍ക്കും 34,659 കമേഴ്‌സ്യല്‍ വാഹനങ്ങല്‍ക്കും ബാധകമാണ്. ഓരോ ദിവസവും 5 ലക്ഷത്തിലേറെ വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നുണ്ട്. ഇതില്‍ 50,000 മുതല്‍ 75,000 വരെയുള്ളത് ലോറികളാണ്. 2,500 ഓളം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ഇതില്‍ ഉള്‍പ്പെടും. ഈ വാഹനങ്ങളെല്ലാം ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഉത്തരവ് ഈ വാഹനങ്ങള്‍ക്കെല്ലാം പ്രയാസമുണ്ടാക്കും.