സഊദിയില്‍ ആക്രമണ മുന്നറിയിപ്പ്‌

Posted on: April 21, 2015 5:02 am | Last updated: April 21, 2015 at 12:02 am

റിയാദ്: തീവ്രവാദി ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഷോപ്പിംഗ് മാളിലും അരാംകോ സ്ഥാപനത്തിലും സഊദി അറേബ്യ സുരക്ഷാ സേനയെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയ വാക്താവ് മന്‍സൂര്‍ തുര്‍ക്കി അറിയിച്ചു.
ഒരു ഷോപ്പിംഗ് മാളിനു നേരെയും അരാംകോക്ക് നേരെയും തീവ്രവാദി ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നെന്നും ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രവും അമേരിക്കയുടെ പ്രധാന നയതന്ത്ര കക്ഷിയുമായ സഊദി അറേബ്യയെ ദീര്‍ഘ കാലമായി അല്‍ഖാഇദയും ഇസിലും ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നുണ്ട്.
മാര്‍ച്ച് 16 ന് സഊദിയുടെ ഒമ്പത് സുരക്ഷാ സൈനികര്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. അയല്‍ രാജ്യമായ യമനിലെ ഇറാന്‍ സഖ്യമായ ഹൂത്തി വിമതര്‍ക്കെതിരില്‍ സഊദി വ്യോമാക്രമണം നടത്തുന്നുണ്ട്.
റിയാദിലെ രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയൂം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വ്യത്യസ്ഥമായ രണ്ട് ആക്രമണങ്ങള്‍ നടത്തിയെന്നു സംശയിക്കുന്ന സഊദി പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിരുന്നു.
സഊദിയെ തീവ്രവാദികള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും കൂടുതല്‍ അക്രമങ്ങളള്‍ നടത്താന്‍ അവര്‍ ശ്രമം നടത്തുന്നുണ്ടെന്നും മന്‍സൂര്‍ തുര്‍ക്കി പറഞ്ഞു.