Connect with us

International

ചൈനയും പാക്കിസ്ഥാനും 2,800 കോടി ഡോളറിന്റെ കച്ചവട, നിക്ഷേപക കരാറുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തും

Published

|

Last Updated

കറാച്ചി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തി. പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ കാണുന്ന ഇദ്ദേഹം 2,800 കോടി ഡോളറിന്റെ പുതിയ കച്ചവട, നിക്ഷേപക കരാറുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തും. 4,600 കോടി ഡോളറിന്റെ നിര്‍ദിഷ്ട ചൈന -പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതി(സി പി ഇ സി)യുടെ ഭാഗമാണിത്. ചൈനീസ് നിക്ഷേപക പദ്ധതിയുടെ ഭാഗമായി റോഡുകള്‍, റെയില്‍, വൈദ്യുതി എന്നീ മേഖലകളിലും മറ്റ് പദ്ധതികളിലും വികസനം കൊണ്ടുവന്ന് കിഴക്കന്‍ ചൈനീസ് നഗരമായ കാഷ്ഗാറില്‍നിന്നും ദക്ഷിണ പാക്കിസ്ഥാന്‍ തുറമുഖമായ ഗ്വാദറിലേക്ക് കച്ചവട പാതയുണ്ടാക്കുകയെന്നതാണ് പദ്ധതി.
ഇസ്‌ലാമാബാദിലെ സൈനിക വ്യോമതാവളത്തില്‍ ഇന്നലെ രാവിലെയെത്തിയ സി ജിന്‍പിംഗിനെ ശരീഫ് നേരിട്ടെത്തി സ്വാഗതം ചെയ്തു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 3,000 കി. മി ദൂരം വരുന്ന വ്യാപാര പാതയൊരുക്കുകയെന്നതാണ് സി പി ഇ സി ലക്ഷ്യമിടുന്നത്. ഇതിനായി ചൈനീസ് നിക്ഷേപവും കമ്പനികളും പുതിയ റോഡുകളുണ്ടാക്കുകയും നിര്‍ദിഷ്ട പാതയിലൂടെ പൈപ്പ് ലൈന്‍ ഇടുകയും ചെയ്യും.
പുതിയ പാത തുറക്കുന്നതിലൂടെ ചൈനക്ക് കുറഞ്ഞ ചെലവില്‍ ചരക്ക് നീക്കം നടക്കും. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍നിന്നും ഇതുവഴി എണ്ണ ഇറക്കുമതി നടത്താനാകുമെന്നതാണ് പ്രധാന നേട്ടം. ദീര്‍ഘകാലമായി പാക്കിസ്ഥാന്‍ നേരിടുന്ന ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായി 10,400 മെഗാവാട്ടിന്റെ പുതിയ ഊര്‍ജ പദ്ധതി ഇതിലുള്‍പ്പെടും. 16 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണിത്. 2018ന് ശേഷം 1,800 കോടി ഡോളര്‍ ചെലവില്‍ 6,600 മെഗാവാട്ടിന്റെ പദ്ധതിക്കും സി പി ഇസിയില്‍ നിര്‍ദേശമുണ്ട്. പദ്ധതികള്‍ പൂര്‍ത്തിയാകുകയാണെങ്കില്‍ പാക്കിസ്ഥാനിലെ ഊര്‍ജ ലഭ്യത ഇരട്ടിയാകും. സാമ്പത്തിക ഇടനാഴിക പദ്ധതിയില്‍ 100 കോടി ഡോളറിന്റെ അടിസ്ഥാന വികസന പദ്ധതിക്കും രൂപരേഖയായിട്ടുണ്ട്.