Connect with us

Kerala

എസ് എസ് എല്‍ സി ജില്ലകളിലെ വിജയശതമാനം മാറും

Published

|

Last Updated

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചതോടെ ജില്ലകളിലെ വിജയശതമാനത്തിലും മാറ്റമുണ്ടാകും. സംസ്ഥാനതല പരീക്ഷാ ഫലത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഗ്രേസ് മാര്‍ക്ക് അടക്കമുള്ളവ ചേര്‍ക്കുംമുമ്പ് ഫലത്തിന് പരീക്ഷാ ബോര്‍ഡ് അംഗീകാരം നല്‍കിയതാണ് പിഴവുകള്‍ക്ക് കാരണമെന്നാണ് വിശദീകരണം. മൂല്യ നിര്‍ണയ ക്യാമ്പുകളില് നിന്നും ലഭിച്ച ഫലങ്ങള്‍ വെവ്വേറെ പരിശോധിക്കുന്ന ജോലിക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് കൈമാറിയ വിവരങ്ങളില്‍ പിശക് സംഭവിച്ചതായി ഡി പി ഐ വ്യക്തമാക്കി.

എസ് എസ് എല്‍ സി പരീക്ഷാ ഔദ്യോഗിക ഫലപ്രഖ്യാപനത്തിലാണ് പിഴവുകള്‍ സംഭവിച്ചത്. വിജയശതമാനം കൂടുതലുള്ള ജില്ലകളെക്കുറിച്ചുള്ള കണക്കു സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച കണക്കുകളും പരീക്ഷാഭവന്‍ നല്‍കിയ കണക്കുകളും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ലയെന്ന് കാട്ടി കണ്ണൂര്‍ ജില്ലക്ക് 97.99 ശതമാനം വിജയമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പരീക്ഷാ ഭവന്റെ കണക്കുകള്‍ പ്രകാരം കോഴിക്കോട് റവന്യൂ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (98.97). മൊത്തം വിജയശതമാനമായ 97.99 എന്നത് കണ്ണൂരിന്റെ വിജയശതമാനമായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു. വിജയശതമാനത്തില്‍ മൂന്നാമത് മാത്രമുള്ള കണ്ണൂരിന് 98.87 ശതമാനമാണുള്ളത്. 98.88 ശതമാനത്തോടെ പത്തനംതിട്ട ജില്ലയാണ് വിജയശതമാനത്തില്‍ രണ്ടാമതുള്ളത്.

പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്ന ദിവസം മെയ് ആറ് ആയിരിക്കെ ഇത്ര ധൃതി പിടിച്ച് ഫലം പ്രഖ്യാപിക്കേണ്ട അവശ്യകതയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിനുള്ളില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എസ് എസ് എല്‍ സിയുടെ വിജയശതമാനം ഓരോ വര്‍ഷവും കൂടുമ്പോഴും ഗുണപരമായ മേന്‍മ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം നില നില്‍ക്കുമ്പോഴാണ് ധൃതി പിടിച്ചുള്ള ഫലപ്രഖ്യാപനം നടത്തുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

18 ദിവസം കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുമ്പോഴും ഫലത്തില്‍ അധ്യാപകര്‍ക്ക് 12 ദിവസമാണ് മൂല്യനിര്‍ണയത്തിനായി അനുവദിച്ചത്. മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 10ന് അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എട്ടാം തീയതിയിലെ ഹര്‍ത്താല്‍ കാരണം 11ലേക്ക് കൂടി നീട്ടി. പൂര്‍ത്തിയാകാത്തതിനാല്‍ 13ന് ഒരു ദിവസം കൂടി പേപ്പര്‍ നോക്കി 12 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

Latest