എസ് വൈ എസ് സാന്ത്വനം; കുഷ്ഠരോഗ ആശുപത്രി വാര്‍ഡ് നവീകരിച്ചു

Posted on: April 21, 2015 5:31 am | Last updated: April 20, 2015 at 11:31 pm

കോഴിക്കോട്: എസ് വൈ എസ് 60-ാംവാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നവീകരിച്ച കോഴിക്കോട് കുഷ്ഠരോഗ ആശുപത്രിയിലെ അഞ്ചാം വാര്‍ഡ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിന് സമര്‍പ്പിച്ചു. എസ് വൈ എസ് ആതുര സേവന രംഗത്ത് നടപ്പാക്കിവരുന്ന വിവിധ സാന്ത്വനം പദ്ധതികളുടെ ഭാഗമായാണ് കുഷ്ഠരോഗാശുപത്രി വാര്‍ഡ് നവീകരിച്ചത്. തിരുവനന്തപുരം ആര്‍ സി സി കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്കുള്ള സാന്ത്വന കേന്ദ്രം ഉടന്‍ ആരംഭിക്കും.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും വിവിധ ജില്ല, താലൂക്ക് ആശുപത്രികളിലുമായി സന്നദ്ധ സേവകരുടെ വളണ്ടിയര്‍ സേവനം, സൗജന്യ മരുന്നു വിതരണം തുടങ്ങിയവയും എസ് വൈ എസിന് കീഴില്‍ നടന്നു വരുന്നുണ്ട്.
കോഴിക്കോട് ചേവായൂര്‍ ലെപ്രസി ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക് ഹെമറ്റൊളജി തലവന്‍ ഡോ. വി ടി അജിത് കുമാര്‍, മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. വേണുഗോപാല്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്ദുസ്സമദ് സഖാഫി മായനാട് തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി സ്വാഗതവും നാസര്‍ ചെറുവാടി നന്ദിയും പറഞ്ഞു.