കോര്‍പറേറ്റ് ഫണ്ടിംഗ് നിരോധം: ബി ജെ പിക്കും കോണ്‍ഗ്രസിനും മാത്രം എതിര്‍പ്പ്

Posted on: April 20, 2015 4:28 am | Last updated: April 19, 2015 at 11:29 pm
SHARE

congress-bjpന്യൂഡല്‍ഹി: കോര്‍പറേറ്റുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കേണ്ടതില്ല എന്ന കാര്യത്തില്‍ രാഷട്രീയപാര്‍ട്ടികള്‍ക്കിടയില്‍ വിശാല സമവായം സാധ്യമാകാനിരിക്കെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി ജെ പിയും മുഖം തിരിഞ്ഞുനില്‍ക്കുന്നു. തിരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച് കമ്മീഷന്‍ ഈയിടെ നടത്തിയ അഭിപ്രായ ശേഖരണത്തിലാണ് ഭരണ- പ്രതിപക്ഷ ‘ഐക്യം’ വെളിവായത്. ‘കോര്‍പറേറ്റ് സംഭാവനകള്‍ നിരോധിക്കുന്നതില്‍ പൊതു അഭിപ്രായ സമന്വയമുണ്ട്. എന്നാല്‍ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ ഒഴിച്ച്’ എന്നാണ് അഭിപ്രായ ശേഖരണത്തിന് ശേഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
ഈ രണ്ട് പാര്‍ട്ടികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍. കൃത്യമായ ചട്ടങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് കോര്‍പറേറ്റ് ഫണ്ടിംഗ് അനുവദിക്കണമെന്നാണ് ബി ജെ പി സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞത്. കോര്‍പറേറ്റ് ഫണ്ടിന് എതിരല്ല. ഇത്തരം വിഷയങ്ങള്‍ ആറ് ദേശീയ പാര്‍ട്ടികളുമായി മാത്രം ബന്ധപ്പെട്ടതായതിനാല്‍ വിശാലമായി ചര്‍ച്ചയാക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. മാര്‍ച്ച് 30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച അഭിപ്രായ ശേഖരണത്തില്‍ പാര്‍ലിമെന്റിലോ നിയമസഭകളിലോ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികള്‍ വരെ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
സുതാര്യമായ രീതിയില്‍ കോര്‍പറേറ്റ് ഫണ്ടിംഗ് അനുവദിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷമെന്ന് എ ഐ സി സി മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ചെക്കുകള്‍ മുഖേനയുള്ള കോര്‍പറേറ്റ് ഫണ്ടിംഗിനെ പാര്‍ട്ടി പിന്തുണക്കുന്നു. പണമായി ഫണ്ട് നല്‍കുന്നത് കള്ളപ്പണം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.