Connect with us

National

ഇ മാലിന്യ ഉത്പാദകരില്‍ ഇന്ത്യ അഞ്ചാമത്

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കുടുതല്‍ ഇ മാലിന്യം തള്ളുന്ന രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്. കഴിഞ്ഞ വര്‍ഷം 17 ലക്ഷം ടണ്‍ ഇലക്‌ട്രോണിക് മാലിന്യമാണ് ഇന്ത്യ തള്ളിയതെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഇ മാലിന്യത്തിന്റെ തോത് 21 ശതമാനമായി ഉയരുമെന്ന് യു എന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
യു എസും ചൈനയും 32 ശമതാനം ഇ വേസ്റ്റുകളാണ് പുറന്തള്ളിയതെന്ന് യുനൈറ്റഡ് നാഷന്‍സ് യൂനിവേഴ്‌സിറ്റി നടത്തിയ “ഗ്ലോബല്‍ ഇ വേസ്റ്റ് മോണിറ്റര്‍ 2014” റിപ്പോര്‍ട്ടില്‍ പറയുന്നു. യു എസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. കഴിഞ്ഞ വര്‍ഷം ഏഷ്യയിലാണ് കൂടുതല്‍ ഇ മാലിന്യം ഉണ്ടായിട്ടുള്ളത്; 1.6 കോടി ടണ്‍. ചൈന (60 ലക്ഷം ടണ്‍), ജപ്പാന്‍ (22 ലക്ഷം ടണ്‍), ഇന്ത്യ (17 ലക്ഷം ടണ്‍) എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ ഇ മാലിന്യമുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍. വടക്ക് പടിഞ്ഞാറന്‍ യൂറോപ്പില്‍ നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, ഡെന്‍മാര്‍ക്, യു കെ എന്നിവയാണ് ഇ മാലിന്യം കൂടുതലായി തള്ളുന്നത്. ആഫ്രിക്കയിലാണ് കുറവ് ഇ മാലിന്യമുള്ളത്. 19 ലക്ഷം ടണ്ണാണ് ആഫ്രിക്ക തള്ളുന്ന ഇ മാലിന്യത്തിന്റെ അളവ്.
കഴിഞ്ഞ വര്‍ഷം ലോകജനത പുറന്തള്ളിയത് 4.18 കോടി ടണ്‍ ഇ മാലിന്യമാണ്. കൂടുതലും മൈക്രോവേവ് ഓവന്‍, വാഷിംഗ് മെഷീന്‍, ഡിഷ്‌വാഷര്‍ തുടങ്ങിയ അടുക്കള, ബാത്‌റൂം ഉപകരണങ്ങളായിരുന്നു. 2018ല്‍ ഇ മാലിന്യത്തിന്റെ തോത് അഞ്ച് കോടി ടണ്‍ ആകുമെന്നാണ് കണക്കാക്കുന്നത്. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ചെറിയ വിവര സാങ്കേതിക ഉപകരണങ്ങള്‍ എന്നിവയുടെ മാലിന്യം ഏഴ് ശതമാനം മാത്രമായിരുന്നു. വാക്വം ക്ലീനര്‍, ഇലക്ട്രിക് ഷേവര്‍, വീഡിയോ ക്യാമറ, വാഷിംഗ് മെഷീന്‍, ഇലക്ട്രിക് സ്റ്റൗവ്, മോബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, ലാംപുകള്‍ തുടങ്ങിയവ മൂലമാണ് 60 ശതമാനം മാലിന്യങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ആറിലൊന്ന് ഇ മാലിന്യവും കുന്നുകൂട്ടിയിടുന്നതിന് പകരം പുനരുത്പാദിപ്പിക്കുകയും പുനരുപയോഗിക്കുകയും ചെയ്തു. ഇ മാലിന്യത്തിലുള്ള വിഷവസ്തുക്കള്‍ പരിഗണിക്കുകയാണെങ്കില്‍ 22 ലക്ഷം ടണ്‍ ലെഡ് ഗ്ലാസും മൂന്ന് ലക്ഷം ബാറ്ററികളും 4400 ടണ്‍ ഓസോണ്‍ നശീകരണ പദാര്‍ഥങ്ങളും അടങ്ങിയിട്ടുണ്ട്.

Latest