ചര്‍ച്ച പരാജയപ്പെട്ടു; ഉദയംപേരൂര്‍ എല്‍ പി ജി പ്ലാന്റിലെ സമരം തുടരും

Posted on: April 19, 2015 6:13 pm | Last updated: April 19, 2015 at 11:12 pm

lpgകൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചികാല സമരം ഒത്തുതീര്‍ക്കുന്നതിന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ഐ ഒ സി അധികൃതരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇടക്കാല ആശ്വാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഐ ഒ സിയുടെ ഭാഗത്തു നിന്ന് വ്യക്തമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍ നിര്‍ബന്ധിതരായതെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇതോടെ അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
2012ലെ കരാര്‍ പ്രകാരമുള്ള ഇന്‍സന്റീവ് നല്‍കുക, സേവന വേതന കരാര്‍ പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ അണ്‍ലോഡിംഗ് ആന്‍ഡ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ടിലിംഗ് പ്ലാന്റാണ് ഉദയംപേരൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് നിത്യേന 150 ലോഡുകളാണ് സംസ്ഥാനത്തെ വിവിധ ഏജന്‍സികളിലേക്ക് പോകുന്നത്. ഐ എന്‍ ടി യു സി, സി ഐ ടി യു, സ്വതന്ത്ര തൊഴിലാളി സംഘടന എന്നീ യൂനിയനുകളാണ് സമരരംഗത്തുള്ളത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ പാചകവാതക സിലന്‍ഡര്‍ വിതരണത്തെ സമരം പ്രതികൂലമായി ബാധിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ മലപ്പുറം ചേളാരി പ്ലാന്റില്‍ നിന്ന് വന്‍തോതില്‍ സിലിന്‍ന്‍ഡറുകള്‍ വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്.