അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് യു എ ഇയുടേത്

Posted on: April 19, 2015 6:00 pm | Last updated: April 19, 2015 at 6:00 pm

An Emirati shows his passport in Dubai, May 27, 2009. Photo by Patrick Castilloഅബുദാബി: അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് യു എ ഇയുടെതെന്ന് പഠനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 72 രാജ്യങ്ങളിലേക്ക് ‘ഓണ്‍ അറൈവല്‍ വിസ’ ലഭിക്കുന്ന പാസ്‌പോര്‍ട്ടാണ് യു എ ഇയുടേത്. അറബ് ലോകത്ത് ഇത്രയും രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ കടക്കാവുന്ന മറ്റു പാസ്‌പോര്‍ട്ടുകളില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ഫിനാന്‍സ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആര്‍ട്ടന്‍ കാപിറ്റല്‍ ലോക രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഏറ്റവും ശക്തിയുള്ള അറബ് ലോകത്തെ പാസ്‌പോര്‍ട്ടായി മുന്നില്‍ നില്‍ക്കുന്ന യു എ ഇ, ലോക തലത്തില്‍ 47-ാം സ്ഥാനത്തുമാണ്. 72 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യു എ ഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് പ്രവേശിക്കാമെന്നതാണ് അറബ് ലോകത്ത് ഒന്നാമതും ലോകത്ത് 47-ാമതും എത്താന്‍ യു എ ഇക്ക് സാധിച്ചത്.
72 രാജ്യങ്ങളിലേക്ക് വിസയില്ലാതെ കടക്കാവുന്ന ഡൊമിനികന്‍ റിപബ്ലിക്, പെറു എന്നീ രാജ്യങ്ങളും ലോകതലത്തില്‍ പാസ്‌പോര്‍ട്ടിന്റെ ബലത്തില്‍ യു എ ഇക്കൊപ്പം 47-ാം സ്ഥാനം പങ്കിട്ടിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മുന്‍കൂര്‍ വിസയില്ലാതെ യു എ ഇക്കാര്‍ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളില്‍ ഏഴ് എണ്ണത്തില്‍ എയര്‍പോര്‍ട്ടിലെത്തിയ ശേഷം ‘ഓണ്‍ അറൈവല്‍’ എടുക്കണം. ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഫിലിപൈന്‍, മാലിദ്വീപ്, താജികിസ്ഥാന്‍ തുടങ്ങിയവയാണ് അവ. ഇന്ത്യയിലെ ചില എയര്‍പോര്‍ട്ടുകളിലും യു എ ഇക്കാര്‍ക്ക് ഓണ്‍ അറൈവല്‍ ലഭിക്കും. ശ്രീലങ്ക, തുര്‍ക്കി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലേക്ക് ഓണ്‍ലൈനായി യു എ ഇക്കാര്‍ക്ക് വിസയെടുക്കാനുള്ള സൗകര്യവുമുണ്ട്.