ഹജ്ജ്: മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: April 19, 2015 5:24 am | Last updated: April 18, 2015 at 11:25 pm
SHARE

hajjമലപ്പുറം: ഹജ്ജ് 2015ന് തിരഞ്ഞെടുക്കപ്പെട്ട മെഹ്‌റം ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതോടെ ഹജ്ജിന് യാത്ര ചെയ്യാന്‍ മറ്റു മെഹ്‌റം ഇല്ലാതെവരുന്ന സ്ത്രീകള്‍ക്ക് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇന്ത്യയിലാകെ നീക്കിവെച്ച 200 സീറ്റുകളിലേക്ക് ബന്ധപ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20. ഇവര്‍ യഥാവിധി പൂരിപ്പിച്ച ഹജ്ജ് അപേക്ഷയുടെ കൂടെ താഴെ കാണിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ട ഇംഗ്ലീഷില്‍ തയ്യാറാക്കിയ രണ്ട് സെറ്റ് അപേക്ഷ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്
ഹജ്ജ് അപേക്ഷ സമര്‍പ്പണ സമയത്ത് എന്തുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്കൊപ്പം ഹജ്ജിന് അപേക്ഷിച്ചില്ല എന്നതിന്റെ കാരണം, മെഹ്‌റമായി പോകുന്ന ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ , മെഹ്‌റമായി പോകാനുദ്ദേശിക്കുന്ന ആളുടെ കൂടെ തന്നെ ഇപ്പോള്‍ 2015 ഹജ്ജിന് അപേക്ഷിക്കാനുള്ള കാരണം, വരും വര്‍ഷങ്ങളില്‍ ഹജ്ജിന് പോകാന്‍ കഴിയാത്തതിന്റെ കാരണം, സ്ത്രീ അപേക്ഷകയുടെ വയസ്സ്, ശരീഅത്ത് അനുശാസിക്കുന്ന തരത്തിലുള്ള മറ്റൊരു മെഹ്‌റത്തെ കുടുംബത്തില്‍ നിന്നു ലഭ്യതയെക്കുറിച്ചുള്ള വിവരം, പ്രത്യേകമായി മറ്റ് വിവരങ്ങളെന്തെങ്കിലും നല്‍കാനുദ്ദേശിക്കുന്നുവെങ്കില്‍ ആ വിവരങ്ങള്‍ എന്നിവ ചേര്‍ക്കണം.