International
യമനില്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടത് 27 പേര്‍
 
		
      																					
              
              
            ഏദന്‍: യമന്‍ നഗരമായ തായിസില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്ന വ്യോമാക്രമണത്തിലുമായി 27 പേര്‍ കൊല്ലപ്പെട്ടു. സഖ്യ സേനയുടെ പിന്തുണയോടെ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ വിശ്വസ്തരായ സൈന്യവും ഇറാന്‍ അനുകൂല ഹൂതി വിമതരും കഴിഞ്ഞ ദിവസം രാത്രി പൊരിഞ്ഞ പോരാട്ടം നടത്തിയതായി നഗരവാസികള്‍ പറഞ്ഞു. 19 വിമതരും പ്രസിഡന്റിന്റെ സൈന്യത്തിലെ നാല് പേരും മറ്റ് നാല് ഹാദി അനുകൂല പോരാളികളുമാണ് കൊല്ലപ്പെട്ടത്. തായിസിലെ പ്രസിഡന്റ് കൊട്ടാരം ലക്ഷ്യമാക്കി സഖ്യസേനാ യുദ്ധ വിമാനങ്ങള്‍ വെള്ളിയാഴ്ച കനത്ത ആക്രമണമാണ് നടത്തിയത്. ഹൂതികള്‍ക്കൊപ്പം നില്‍ക്കുന്ന മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹിനോട് കൂറ് പുലര്‍ത്തുന്ന പ്രത്യേക സേനാ യൂനിറ്റാണ് ഇപ്പോള്‍ യമനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസിന്റെ നിയന്ത്രണം പിടിച്ചടക്കിയിരിക്കുന്നത്. ഹൂതികളുടെ ആക്രമണത്തെത്തുടര്‍ന്ന് ഹാദി കഴിഞ്ഞ മാസം സഊദിയിലേക്ക് പലായനം ചെയ്തിരുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

