അജ്മീര്‍ ദര്‍ഗയിലേക്ക് യു എസ് പ്രസിഡന്റ് ഒബാമ വിരി നല്‍കി

Posted on: April 19, 2015 4:44 am | Last updated: April 18, 2015 at 10:36 pm

OBAMA ROUNDവാഷിംഗ്ടണ്‍: അജ്മീറില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്‌റത്ത് ഖാജാ മുഈനുദ്ദീന്‍ ഹസന്‍ ചിശ്ത്തിയുടെ ദര്‍ഗാശരീഫിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിരി കൊടുത്തയച്ചു. 803ാമത് അജ്മീര്‍ ഉറൂസിനോടനുബന്ധിച്ചാണ് ചുവപ്പ് നിറത്തിലുള്ള വിരി നല്‍കിയതെന്ന് അജ്മീര്‍ ചിശ്ത്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹാജി ചിശ്ത്തി പറഞ്ഞു. യു എസ് അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ ഇത് ദര്‍ഗക്ക് കൈമാറി. ഈ വിരി ദര്‍ഗക്ക് മുകളില്‍ വെക്കണമെന്നും അംബാസിഡര്‍ ആവശ്യപ്പെട്ടു.
ശ്രീലങ്ക, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഇത്തരം രീതികള്‍ പതിവായി ചെയ്യാറുണ്ട്. എന്നാല്‍ ഇതൊരു ചരിത്ര നിമിഷമാണ്. ഇതാദ്യമായാണ് ഏഷ്യന്‍ രാജ്യങ്ങളുടെ പുറത്തുനിന്നുള്ള ഒരു തലവന്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. ലോക സമാധാനത്തിന് ഇത് പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും ഹാജി ചിശ്ത്തി വ്യക്തമാക്കി. നാളെ രാവിലെ പതിനൊന്നു മണിക്ക് ഈ വിരി ദര്‍ഗയിലേക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് അജ്മീര്‍ ഉറൂസിന് തുടക്കം കുറിച്ചത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ചടങ്ങുകള്‍.