പി സദാശിവത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കുന്നതിനെതിരെ ഹരജി

Posted on: April 18, 2015 8:38 pm | Last updated: April 18, 2015 at 8:38 pm

sadasivamന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായ ജസ്റ്റിസ് പി സദാശിവത്തെ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹരജി. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണു ഹര്‍ജി നല്‍കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ മേയില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ആളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്.

നിലവില്‍ കേരള ഗവര്‍ണറായ ജസ്റ്റിസ് പി സദാശിവത്തിന്റെ പേര് മാത്രമാണു സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നും കേന്ദ്രം ശരിയായ നടപടിക്രമങ്ങളല്ല ഈ നിയമനത്തില്‍ എടുത്തിട്ടുള്ളതെന്നുമാണു ഹരജിക്കാരുടെ വാദം.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസാണെങ്കിലും പി സദാശിവം ഗവര്‍ണറുടെ പദവി വഹിക്കുന്നയാളാണ്. രാഷ്ട്രീയക്കാരും കേന്ദ്ര സര്‍ക്കാരുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന ആളാണ്. അതിനാല്‍ രാജ്യത്തെ ഏറ്റവും മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ അധ്യക്ഷനായി ഇദ്ദേഹത്തെ നിയമിക്കരുതെന്നും ആ സ്ഥാനത്തേക്കു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, അല്‍ത്തമസ് കബീര്‍, എസ് എച്ച് കപാഡിയ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.