Connect with us

Palakkad

ശ്രീകൃഷ്ണപുരം ബ്ലോക്ക് മികവിന്റെ പാതയില്‍

Published

|

Last Updated

പാലക്കാട്: ബ്ലോക്ക് പരിധിയിലെ ഏഴു ഗ്രാമപഞ്ചായത്തുകളുടെയും സമഗ്ര വികസനത്തിന് ഉത്പാദന സേവന അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ അഞ്ചു വര്‍ഷമായി ശ്രീകൃഷ്ണപുരം ബ്ലോക്ക് കാഴ്ച വെച്ചത് തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ബ്ലോക്ക് ഊന്നല്‍ നല്കിയത് ഇന്ദിര ആവാസ് യോജന പദ്ധതിക്കാണ് .
സര്‍ക്കാരിന്റെ ഐ എ വൈ ധനസഹായം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് നേരിട്ട പ്രതിസന്ധി ശ്രീകൃഷ്ണപുരത്തിനും ഉണ്ടായി എന്നാല്‍ ഭരണ സമിതിയുടെ ഇച്ഛാശക്തിയുടെയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ ബ്ലോക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതം ബ്ലോക്ക് ഷെയര്‍ ആയി കണ്ടെത്തി പദ്ധതി പൂര്‍ത്തീകരിച്ചു. ഐ എ വൈ ഗുണഭോക്താക്കളുടെ കരാര്‍ രജിസ്‌ട്രേഷന്‍ നടത്തി സംസ്ഥാനത്ത് ആദ്യമായി 2014-15 വര്‍ഷത്തെ എഗ്രിമെന്റ് പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഏക ബ്ലോക്ക് പഞ്ചായത്തും ശ്രീകൃഷ്ണപുരം പഞ്ചായത്താണ്.
2014-15ല്‍ സംസ്ഥാനത്ത് ആദ്യമായി നൂറു ശതമാനം തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കി മാതൃകയാകാനും ബ്ലോക്കിനായി. നാളിതുവരെ 367328 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും 9 കോടി 40 ലക്ഷം രൂപ ചെലവഴിക്കാനും ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു. തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പരിപാലനത്തിനായി ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യമേഖലയിലെ നിരവധി ബോധവല്ക്കരണ പരിപാടികള്‍ എന്നിവയും അമ്പതു ലക്ഷത്തോളം രൂപ ചെലവില്‍ കാരാക്കുറിശ്ശിയിലെ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് ഹോസ്റ്റല്‍ നവീകരണം എന്നിവയും എല്ലാ പഞ്ചായത്തുകളിലും ഓരോ അങ്കണവാടിയും സ്‌കൂളും എന്ന സ്വപ്‌നവും ബ്ലോക്ക് സാക്ഷാത്ക്കരിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ബ്ലോക്കിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ 76 കോടിയില്‍ പരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 32.23 കോടി രൂപയും പദ്ധതി വിഹിതമായി 16.35 കോടിയും 2028 വീടുകള്‍ക്കായി ഐ എ വൈ പദ്ധതിയില്‍ 19.68 കോടി രൂപയും റോഡു വികസനങ്ങള്‍ക്ക് 34.86ലക്ഷം രൂപയും സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയില്‍ 46.23 ലക്ഷം രൂപയും പ്രത്യേക ഘടക പദ്ധതിയില്‍ 12.59 ലക്ഷം രൂപയും ചെലവഴിച്ച നേട്ടങ്ങള്‍. എം എല്‍ എ ഫണ്ടില്‍ നിന്ന് 1.13 കോടി രൂപയും എം പി ഫണ്ടില്‍ നിന്ന് 2.58 കോടി രൂപയും ബി ആര്‍ ജി എഫ് ഫണ്ടില്‍ നിന്ന് 2.61 ലക്ഷം രൂപയും ചെലവഴിച്ചു എന്നതും ശ്രദ്ധേയമാണ്.
ഈ വര്‍ഷവും പാര്‍പ്പിടം, കുടിവെള്ള വിതരണം, നെല്‍കൃഷി വികസനം, ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ ലഘൂകരണം എന്നിങ്ങനെ ജനപ്രിയ പരിപാടികള്‍ ആണ് ലക്ഷ്യം വച്ചിട്ടുള്ളത്. വികലാംഗ ക്ഷേമം, റോഡു വികസനം, ശുചിത്വ മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് ബ്ലോക്ക് നേരത്തെ തന്നെ ഊന്നല്‍ നല്കിയിട്ടുണ്ട്. പ്രസിഡന്റ് കെ സി രാമന്‍ കുട്ടിയും, വൈസ് പ്രസിഡന്റ് എം ആസ്യയും സെക്രട്ടറി ടി ആന്‍ഡ്രൂസും ഉള്‍പ്പെടുന്ന ഭരണ സമിതിയാണ് നിലവിലുള്ളത്.