Connect with us

Malappuram

ഐ എച്ച് എസ് ഡി പി പദ്ധതി ; ഗുണഭോക്താക്കള്‍ക്ക് ആധാരങ്ങള്‍ തിരിച്ച് നല്‍കും

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ ഐ എച്ച് എസ് ഡി പി ഒന്നാംഘട്ട പദ്ധതിയില്‍ ഭവന നിര്‍മാണ പ്രൊജക്ടില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ഒറിജിനല്‍ ആധാരങ്ങള്‍ അപേക്ഷകള്‍ ലഭിക്കുന്ന മുറക്ക് തിരിച്ച് നല്‍കുമെന്ന് നഗരസഭാധികൃതരറിയിച്ചു.
ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയും ഉടമ്പടി തീയതി മുതല്‍ ഏഴ് വര്‍ഷം കാലാവധി എത്തുകയും ചെയ്ത ഗുണഭോക്താക്കളുടെ ഒറിജിനല്‍ ആധാരം മാത്രമാണ് തിരികെ നല്‍കാന്‍ കുടുംബശ്രീ ഡയറക്ടറുടെ അനുമതിയുള്ളത്. പെരിന്തല്‍മണ്ണ നഗരസഭയില്‍ ഭവന നിര്‍മാണ പദ്ധതി പ്രകാരം ഗുണഭോക്താക്കളില്‍ അസ്സല്‍ ആധാരം തിരികെ നല്‍കാന്‍ 135ഓളം പേരാണുള്ളത്. ആദ്യഗഡു സംഖ്യ 8000 രൂപയാണ് ഈയിനത്തില്‍ ഇവക്ക് ലഭിച്ചിട്ടുള്ളത്.
2008ലാണ് ഇവരുടെ ആധാരങ്ങള്‍ നഗരസഭയില്‍ പണയപ്പെടുത്തിയതനുസരിച്ച് ആദ്യഗഡു ലഭ്യമാക്കിയത്. ഇവരില്‍ പലര്‍ക്കും ബേങ്ക് വായ്പക്കായി ആധാരം തിരിച്ച് നല്‍കിയിട്ടുണ്ട്. ഈ ഗുണഭോക്താക്കളില്‍ ഐ എച്ച് എസ് ഡി പി പദ്ധതി മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം വീട് നിര്‍മാണം നടത്തുകയും ധനസഹായം നാല് ഗഡുക്കളായി പൂര്‍ണമായും കൈപ്പറ്റുകയും ഉടമ്പടി തീയതി മുതല്‍ അതായത് ക്ലസ്റ്റര്‍ ഡവലപ്‌മെന്റ് കമ്മിറ്റി തീരുമാന പ്രകാരം കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്ത തീയതി മുതല്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുകയും വീട് പണി പൂര്‍ത്തീകരിച്ച് കെട്ടിട നമ്പര്‍ ലഭിച്ച വിവരം ഫയലില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുള്ള ഗുണഭോക്താക്കള്‍ക്കായിരിക്കും ആധാരം തിരികെ നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 2015-16 ബജറ്റില്‍ പ്രഖ്യാപിച്ച ന്യൂടൗണ്‍ ഷിപ്പ് നിര്‍മാണം പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്നതിന് കണ്‍സള്‍ട്ടന്‍സിയായി വിഡ്‌കോയെ ചുമതലപ്പെടുത്താന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. നാഷണല്‍ ഹൈവെയില്‍ നഗരസഭ സ്ഥാപിക്കുന്ന ആധുനിക മൊബൈല്‍ ടോയ്‌ലറ്റ് സംവിധാനം നടപ്പിലാക്കാന്‍ നടപടികളാരംഭിച്ചു.
ഓരോ റോഡുകളിലുമായി മൊത്തം അഞ്ചെണ്ണം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. എടുത്തു മാറ്റാവുന്ന രീതിയിലുള്ള താത്കാലിക ടോയ്‌ലറ്റുകളായിരിക്കും ഇവ. പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനുള്ള സാങ്കേതികാനുമതി മുഴുവന്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവരറിയിച്ചു. 14 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചിട്ടുള്ളത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.

Latest