ബാറ്റേന്തുന്ന ക്യാപ്റ്റന്‍മാരുടെ സീസണ്‍

Posted on: April 18, 2015 6:00 am | Last updated: April 18, 2015 at 11:20 am

ന്യൂഡല്‍ഹി: ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ ഗെയിമാണ്. യാദൃച്ഛികമാകാം ഐ പി എല്ലിന്റെ എട്ടാം സീസണില്‍ ടീമുകളെയെല്ലാം നയിക്കുന്നത് ബാറ്റ്‌സ്മാന്‍മാരാണ്. എട്ട് ക്യാപ്റ്റന്‍മാരില്‍ ഏഴും സമ്പൂര്‍ണ ബാറ്റ്‌സ്മാന്‍മാര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഷെയിന്‍ വാട്‌സന്‍ മാത്രമാണ് ബാറ്റിംഗ് ആള്‍ റൗണ്ടര്‍. എന്നാല്‍, വാട്‌സന് പരുക്കേറ്റതോടെ തത്സ്ഥാനത്തേക്ക് വന്ന ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് കറ കളഞ്ഞ ബാറ്റ്‌സ്മാന്‍.
ഐ പി എല്ലിലെ ആദ്യ പത്ത് മത്സരങ്ങള്‍ പരിശോധിച്ചാല്‍ ആദ്യ അഞ്ച് റണ്‍വേട്ടക്കാരില്‍ മൂന്ന് പേരും നായകന്‍മാരാണ്. രാജസ്ഥാന്റെ സ്റ്റീവ് സ്മിത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഗൗതം ഗംഭീര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍.
മറ്റൊരു രസകരമായ വസ്തുത, എട്ട് ക്യാപ്റ്റന്‍മാരില്‍ ആറ് പേരും അര്‍ധസെഞ്ച്വറി നേടിയെന്നതാണ്. ഗൗതം ഗംഭീറും ഡേവിഡ് വാര്‍ണറും രണ്ട് അര്‍ധസെഞ്ച്വറികളുമായി ഒരുപടി മുന്നില്‍ നില്‍ക്കുന്നു.
ഇനിയും ഫിഫ്റ്റി പ്രകടനം കാഴ്ചവെക്കാത്ത നായകര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ജെ പി ഡുമിനിയും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വിരാട് കോഹ്‌ലിയുമാണ്.
മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ടോടെയാണ് ഐ പി എല്‍ എട്ടാം സീസണിന് തുടക്കമായത്. പുറത്താകാതെ 98 റണ്‍സാണ് ഉദ്ഘാടന മത്സരത്തില്‍ രോഹിത് നേടിയത്. പക്ഷേ, ആ ഫോം തുടരാന്‍ രോഹിതിന് സാധിച്ചില്ല. തുടരെ രണ്ട് തവണ പൂജ്യത്തിന് നായകന്‍ പുറത്തായപ്പോള്‍ ടീമും തോല്‍വിയിലേക്ക് വഴുതി.
സ്‌കോറിംഗ് അല്പം മോശമായാലും ക്യാപ്റ്റന്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് മികച്ചതാണ്. അര്‍ധസെഞ്ച്വറിയില്ലെങ്കിലും വിരാട് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 103.84 ആണ്. ഇതാകട്ടെ, ക്യാപ്റ്റന്‍മാരുടെ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കുറഞ്ഞതാണ്. ജോര്‍ജ് ബെയ്‌ലിയുടെ 170.49 ആണ് ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്.