യമന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ ആരംഭിക്കണം- ഇറാന്‍

Posted on: April 18, 2015 5:38 am | Last updated: April 18, 2015 at 12:38 am

ടെഹ്‌റാന്‍: യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉടന്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ഇറാന്‍. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ നിലയിലുള്ള വിദേശ മധ്യസ്ഥതയിലുള്ള ചര്‍ച്ചയാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് തങ്ങളുടെ എല്ലാ സഹകരണവും ഇറാന്‍ വാഗ്ദാനം ചെയ്തു. യമനില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരമായി മരുന്നും ഭക്ഷണവും ലഭ്യമാക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു. അതേസമയം യമനില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. യുദ്ധത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളാകുകയും പീഡനത്തിനിരയാകുകയും ചെയ്തു.
അതേസമയം യമനിലുണ്ടായ ഏറ്റവും പുതിയ ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടു. യമനിലെ മൂന്നാമത്തെ പ്രധാന നഗരമായ തേസിലും ആക്രമണമുണ്ടായി. ആക്രമണത്തില്‍ 20 വിമതര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് ടാങ്കുകള്‍ ഉള്‍പ്പെടെ വിമതരുടെ നാല് വാഹനങ്ങള്‍ തകര്‍ത്തു.