കരിപ്പൂര്‍ വിമാനത്തവളം ജുലൈ മുതല്‍ നാല് മണിക്കൂര്‍ അടച്ചിടും

Posted on: April 18, 2015 12:28 am | Last updated: April 18, 2015 at 5:19 pm

KARIPPUR AIRPORTകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം ജുലൈ, ആഗസ്റ്റ് മാസങ്ങളില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് ഭാഗികമായി അടച്ചിടും. ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് നാലു വരെയാണ് അടച്ചിടുക. വിമാനത്താവള റണ്‍വേറീ കാര്‍പെറ്റിംഗ് പ്രവര്‍ത്തികള്‍ നേരത്തെ ജൂണ്‍ മുതല്‍ നടത്തുന്നതിനു തീരുമാനിച്ചിരുന്നു. ഇതിനായി മെയ് ഒന്ന് മുതല്‍ വിമാനത്താവളം ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് മണിവരെ എട്ട് മണിക്കൂര്‍ അടച്ചിടുന്നതിനും മെയ് മുതല്‍ വലിയ വിമാനങ്ങള്‍ക്ക് എട്ടു മാസത്തേക്ക് കരിപ്പൂരില്‍ സര്‍വീസ് നടത്തുന്നതിനു അനുമതിയും നിഷേധിച്ചിരുന്നു. എന്നാല്‍ കാര്‍പെറ്റിംഗ് പ്രവര്‍ത്തികള്‍ സെപ് തംബറിലേക്ക് മാറ്റിയെങ്കിലും വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഈ മാസത്തോടെ നിലവില്‍ വരും. 12 മണി മുതല്‍ രാത്രി എട്ട് മണി വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുന്നത് സെപ് തംബര്‍ മുതല്‍ ആരംഭിക്കുകയുള്ളൂ എന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതിനു രണ്ട് മാസം മുമ്പ് തന്നെ അടച്ചിടാനുള്ള തീരുമാനത്തിലാണ് അതോറിറ്റി. ഇതു പ്രകാരം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് വിമാനത്താവളം ഭാഗികമായി അടച്ചുമിടും.
വലിയ വിമാനങ്ങാല്‍ക്കുള്ള നിയന്ത്രണം താത് കാലികമാണെങ്കിലും കരിപ്പൂരിനെ ആളൊഴിഞ്ഞ വിമാനത്താവളമാക്കി മാറ്റും. ഇത് വിമാനത്താവളവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും സാരമായി ബാധിക്കും. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം കരിപ്പൂരിലെ ടാക് സി ജീവനക്കാരെ സാരമായി ബാധിക്കും. കയറ്റുമതി ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും തിരിച്ചടിയാകും വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം. പഴം, പച്ചക്കറി കയറ്റുമതിയുമായി ബന്ധപ്പെട്ട് കഴിയുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വിറ്റഴിക്കാന്‍ മറ്റു മേഖലകള്‍ കണ്ടെത്തേണ്ടി വരും. ചെറിയ വിമാനങ്ങളില്‍ യാത്രക്കാരുടെ ലഗ്ഗേജുകള്‍ക്കപ്പുറം ചരക്ക് വസ്തുക്കള്‍ കയറ്റുന്നതിനു മതിയായ ഇടം ലഭിക്കുന്നതല്ല.