ഫാല്‍കെ അവാര്‍ഡ് വിവേക് ഒബ്‌റോയിക്ക്‌

Posted on: April 17, 2015 6:00 am | Last updated: April 17, 2015 at 12:50 am

Vivekന്യൂഡല്‍ഹി: 2015ലെ ദാദ സാഹേബ് ഫാല്‍കെ അവാര്‍ഡിന് പ്രഗത്ഭ നടന്‍ വിവേക് ഒബ്‌റൊയിയെ തിരഞ്ഞെടുത്തു. വിനോദ രംഗത്തെ ബഹുമുഖ പ്രതിഭക്കും സാമൂഹിക സേവന രംഗത്തെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ മാനിച്ചുമാണ് 38കാരനായ താരത്തെ ഫാല്‍കെ അവാര്‍ഡിന് നിര്‍ദേശിച്ചത്. ‘ക്രിഷ് 3’ എന്ന സിനിമയിലാണ് വിവേക് അവസാനമായി അഭിനയിച്ചത്.
ഇത്ര ചെറുപ്രായത്തില്‍ സിനിമാ രംഗത്തെ ഏറ്റവും ഉന്നതമായ അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്തതിന് ദാദ സാഹേബ് ഫാല്‍കെ ഫിലിം ഫൗണ്ടേഷനും മറ്റെല്ലാവര്‍ക്കും വിവേക് നന്ദി പറഞ്ഞു. കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ അവാര്‍ഡ് തനിക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ല്‍ ‘കമ്പനി’ യിലൂടെയാണ് വിവേക് സിനിമാ രംഗത്ത് പ്രശസ്തിയാര്‍ജിച്ചത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
സുനാമിയില്‍ പാടെ തകര്‍ന്നുപോയ ഒരു ഗ്രാമം പുനര്‍നിര്‍മിക്കാന്‍ നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് 2006ല്‍ വിവേകിനെ ധീരതക്കുള്ള ‘റെഡ് ആന്‍ഡ് വൈറ്റ്’ അവാര്‍ഡിന് തിരഞ്ഞെടുത്തിരുന്നു. കാന്‍സര്‍ രോഗികളെ സഹായിക്കാനും മനോരോഗികളുടെ പുനരധിവാസത്തിനും നിരാലംബകളായ സ്ത്രീകള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനും വിവേക് നല്‍കുന്ന സേവനം വിലമതിക്കാനാകാത്തതാണെന്ന് ഫിലിം ഫൗണ്ടേഷന്‍ വിലയിരുത്തി.