Connect with us

Ongoing News

ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ മത്സരങ്ങള്‍ തിരുവനന്തപുരത്ത്‌

Published

|

Last Updated

തിരുവനന്തപുരം: റഷ്യ വേദിയാകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് കേരളത്തിലും വേദി. ലോകകപ്പ് ഫുടബോള്‍ രണ്ടാം യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ രണ്ട് ഹോം മത്സരങ്ങളാണ് തിരുവനന്തപുരത്തിന് അനുവദിക്കാന്‍ ധാരണയായത്. കൊച്ചി കലൂര്‍ സ്റ്റേഡിയവും പരിഗണനാ പട്ടികയിലുണ്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദേശീയ ഗെയിംസിനായി നിര്‍മിച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. അടുത്ത വ്യാഴാഴ്ച ചേരുന്ന എ ഐ എഫ് എഫ് യോഗത്തിന് ശേഷമാകും അന്തിമ പ്രഖ്യാപനം. നവംബര്‍ 12ന് ഗുവാമിനും അടുത്ത വര്‍ഷം മാര്‍ച്ച് 29ന് തുര്‍ക്ക്‌മെനിസ്ഥാനും എതിരായ മത്സരങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഫിഫ റാങ്കിംഗില്‍ 147-ാം സ്ഥാനത്തുള്ള ഇന്ത്യയെക്കാളും പിന്നിലാണ് ഇരു ടീമുകളും. കരുത്തരായ ഇറാനും ഒമാനും എതിരായ കോ- മത്സരങ്ങള്‍ ബംഗളൂരുവിലാണ് നടക്കുന്നത്. നാല് ടീമുകള്‍ക്കുമെതിരെ അവരുടെ നാട്ടിലും ഇന്ത്യക്ക് മത്സരങ്ങള്‍ ഉണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 40 ടീമുകളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. മേഖലയിലെ കരുത്തരുള്‍പ്പെടുന്ന ഡി ഗ്രൂപ്പിലാണ് ഇന്ത്യ. ഇറാന്‍, ഒമാന്‍, ഗുവാം, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. രണ്ടാം ഘട്ട യോഗ്യതാ റൗണ്ടില്‍ നിന്ന് എട്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരും മികച്ച നാല് റണ്ണേഴ്‌സ് അപ്പും ഉള്‍പ്പെടെ 12 ടീമുകളാകും അവസാന ഘട്ട യോഗ്യതാ റൗണ്ടില്‍ ഇടംപിടിക്കുക. ഇതില്‍ നിന്ന് നാല് ടീമുകള്‍ നേരിട്ടും ഒരു ടീം പ്ലെഓഫ് കളിച്ചും 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ എത്തും.

Latest