രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗണേഷ്‌കുമാറിന്റെ സഹകരണം തേടുമെന്ന് ചീഫ്‌വിപ്പ്‌

Posted on: April 17, 2015 5:35 am | Last updated: April 17, 2015 at 12:36 am

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അംഗങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതിന് കെ ബി ഗണേഷ് കുമാറിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. ഗണേഷ് കുമാറിനെ ഇപ്പോഴും യു ഡി എഫിന്റെ ഭാഗമായാണ് കാണുന്നതെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റില്‍ ഗണേഷ് കുമാര്‍ യു ഡി എഫ് അംഗമാണ്. മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങളൊന്നും ശാശ്വതമല്ല. കാലത്തിന് ഉണക്കാന്‍ പറ്റാത്ത മുറിവുകളില്ലെന്നും ശുഭാപ്തി വിശ്വാസവുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു ഗണേഷ് കുമാര്‍ വിഷയത്തില്‍ ഉണ്ണിയാടന്റെ മറുപടി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്റെ വോട്ട് സംബന്ധിച്ച് ആശങ്കയില്ല. തിരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികള്‍ക്കുമുള്ള വിപ്പ് അവര്‍ക്ക് കൊടുക്കും. കൂടാതെ താന്‍ നല്‍കുന്ന വിപ്പും ഉണ്ടായിരിക്കും. യു ഡി എഫിന് ലഭിക്കേണ്ട ഒരു വോട്ടും പാഴാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.