സാധാരണയില്‍ കവിഞ്ഞ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍

Posted on: April 15, 2015 12:27 am | Last updated: April 15, 2015 at 12:27 am

sound pollutionതിരുവനന്തപുരം: സാധാരണയില്‍ കൂടുതലുള്ള ശബ്ദം നിരന്തരം കേള്‍ക്കുന്നത് രക്തസമ്മര്‍ദവും പ്രമേഹവുമടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍. ഉയര്‍ന്ന തീവ്രതയിലുള്ള ശബ്ദം കേള്‍വിക്ക് തകരാറുണ്ടാക്കുമെന്ന് ജനങ്ങള്‍ക്ക് ധാരണയുണ്ടെങ്കിലും ശബ്ദ മലിനീകരണം കൊണ്ടുണ്ടാകുന്ന മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം കുറവാണെന്ന് നാഷനല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് പ്രസിഡന്റ് ഡോ. സി ജോണ്‍ പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമിതശബ്ദം കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രക്തക്കുഴലുകളെ ചുരുക്കുകയും ഇത് രക്തസമ്മര്‍ദം വര്‍ധിക്കാനിടയാകുകയും ചെയ്യും. ലൗഡ് സ്പീക്കറിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ വ്യക്തി അറിയാതെ തന്നെ ശരീരത്തിലെ രക്തസമ്മര്‍ദം ഉയരും. അലര്‍ജി, ആസ്തമ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് രോഗം വര്‍ധിക്കും. ചെവിക്കുള്ളിലെ ഫഌയിഡിന്റെ മര്‍ദം കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രോം ഉള്ളവര്‍ക്ക് തലകറക്കം ഉണ്ടാവാനും സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ ഇത്തരത്തില്‍ രക്തക്കുഴലിലുണ്ടാവുന്ന ചുരുക്കം കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. ശബ്ദം കേള്‍ക്കുമ്പോള്‍ ശരീരത്തിലെ അസിഡിറ്റി വര്‍ധിക്കുമെന്നും പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്നും പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ശബ്ദം ചെവിയെ ബാധിക്കുമ്പോള്‍ കേള്‍ക്കുറവായിട്ടായിരിക്കും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വാര്‍ധക്യത്തില്‍ ബാധിക്കുന്ന കേള്‍ക്കുറവ് ഇപ്പോള്‍ നല്ലൊരു ശതമാനം ആളുകളിലും 40 വയസ്സുമുതല്‍ തന്നെ കാണപ്പെടുന്നുണ്ട്. ശ്രവണ സഹായികളുടെ ഉപയോഗം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതിന്റെ 10 മടങ്ങ് വര്‍ധിച്ചു. പടക്കം, ഉച്ചഭാഷിണി, വാഹനങ്ങളുടെ ഹോണുകള്‍ തുടങ്ങിയ പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന തീവ്രതയുള്ള ശബ്ദങ്ങള്‍ കാലക്രമേണ സ്ഥിരമായ കേള്‍വി നഷ്ടത്തിന് വഴിവെക്കും.
നിശബ്ദമായ മുറിയില്‍ മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദം പൂജ്യം ഡെസിബലാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംസാരം ശരാശരി 30 ഡെസിബല്‍. ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ മിക്ക വാഹനങ്ങളിലുമുപയോഗിക്കുന്ന ഹോണ്‍ 90 ഡെലിബലിന് മുകളില്‍ ശബ്ദമുണ്ടാക്കുന്നതാണ്. ഉച്ചഭാഷിണികളിലാവട്ടെ ഇത് 110 ഡെസിബലായി ഉയരും. കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ പതിനായിരം കോടി ഇരട്ടി തീവ്രതയാണ് ഉച്ചഭാഷിണികളുണ്ടാക്കുന്ന ശബ്ദം. വേദനയില്ലാതെ മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന പരമാവധി ശബ്ദം 120 ഡെസിബലാണ്. 10 മിനിറ്റില്‍ കൂടുതല്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നതും കേള്‍വിക്ക് പ്രശ്‌നങ്ങളുണ്ടാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഹിക മേഖലകളില്‍ പകല്‍സമയങ്ങളില്‍ 55 ഡെസിബലിലും രാത്രി 45 ഡെസിബലിലും കൂടിയ ശബ്ദം പുറപ്പെടുവിക്കാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും ഇത് തീരെ പാലിക്കപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.