പാരിസ്ഥിതിക അനുമതിയില്ലാതെ മണല്‍ വാരല്‍ നിയമ വിരുദ്ധമെന്ന് ട്രൈബ്യൂണല്‍

Posted on: April 15, 2015 3:52 am | Last updated: April 14, 2015 at 11:54 pm

green triതിരുവനന്തപുരം: പാരിസ്ഥിതിക അനുമതി ഇല്ലാതെ സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി നിരാകരിക്കുന്ന തരത്തിലുള്ള ഉത്തരവ് നടപ്പാക്കിയാല്‍ ഉദ്യേഗസ്ഥര്‍ കോടതിയലക്ഷ്യത്തിന് ഉത്തരം പറയേണ്ടിവരുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. നിയമം ലംഘിച്ച് അനുമതി നല്‍കിയ കണ്ണൂര്‍ ജില്ലാ കലക്ടറോട് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് മറികടന്ന് മണല്‍വാരാന്‍ പാസ് അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. കഴിഞ്ഞ 10 നാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പാരിസ്ഥിതിക അനുമതി ഇല്ലാതെ തന്നെ നദികളില്‍ നിന്നു മണല്‍ വാരാനുള്ള അനുമതി മൂന്ന് മാസം കൂടി നീട്ടി നല്‍കുന്ന ഉത്തരവ് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും വകുപ്പ് നല്‍കിയിട്ടുണ്ട്. നിര്‍മാണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയത്. മണല്‍വാരല്‍ മൂലം സംസ്ഥാനത്തെ നദികള്‍ സര്‍വനാശം നേരിടുകയാണെന്ന നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ഇതേ ഉദ്യോഗസ്ഥനെ കൊണ്ടാ തന്നെയാണ് അനിയന്ത്രിതമായി മണല്‍വാരാനുള്ള അനുമതി നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറവ്വെടുവിച്ചതെന്നതും കൗതുകകരമാണ്.
പരിസ്ഥിതി വകുപ്പ് 2014 ഡിസംബറില്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ആറ്റുമണല്‍ ഖനനത്തിന് മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയിരുന്നു.
ഇത് നല്‍കുന്നതിന് മുമ്പ് മണല്‍ ഓഡിറ്റിംഗ് നടത്തി, മണലിന്റെ ലഭ്യത ഉറപ്പു വരുത്തണം. ഉത്തരവിറങ്ങി മൂന്ന് മാസം തികയും മുമ്പ് പരിസ്ഥിതി ഇത് മറികടന്ന് ഇതിന് വിപരീതമായ ഉത്തരവിറക്കിയത്. അതേസമയം നിലനില്‍ക്കുന്ന നിയമം മറികടന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കുകയും ഉദ്യോഗസ്ഥരായിരിക്കും കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയരാകുക.