സിറിയയില്‍ സൈന്യം വീണ്ടും രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

Posted on: April 15, 2015 5:15 am | Last updated: April 14, 2015 at 11:21 pm

b2554afe2ccf4b1f9330c2c1510fea82_18ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബിന് നേരെ അസദ് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ മാരകമായ വിഷ രാസായുധങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ആറ് തവണ രാസായുധ പ്രയോഗം നടത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഇവിടുത്തെ മനുഷ്യാവകാശ നിരീക്ഷണ സംഘം വ്യക്തമാക്കി. ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് സംഘം ഇത് കണ്ടെത്തിയത്. ഇതിന് പുറമെ ആക്രമണത്തിന്റെ ഉടന്‍ ക്ലോറൈന്‍ മണത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ലോകവ്യാപകമായി രാസായുധങ്ങള്‍ക്ക് വിലക്കുള്ളപ്പോഴും സിറിയന്‍ സേന സ്വന്തം പൗരന്‍മാര്‍ക്കെതിരെ മാരകമായ രാസായുധങ്ങള്‍ ഉപയോഗിക്കുകയാണെന്ന് മനുഷ്യവാകാശ നിരീക്ഷണ സംഘത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ നാദിം ഹൂറി ചൂണ്ടിക്കാട്ടി. ശ്വാസസംബന്ധമായ രോഗങ്ങള്‍, കണ്ണെരിച്ചില്‍, തൊണ്ടക്കുള്ളില്‍ കത്തുന്ന പ്രതീതി, തുടങ്ങിയ രോഗങ്ങള്‍ ഈ രാസായുധം മൂലമുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാസായുധം പ്രയോഗിക്കുമ്പോള്‍ സ്‌ഫോടനത്തിന്റെ ശബ്ദം ഉണ്ടാകില്ലെന്നും ഹെലികോപ്റ്റര്‍ രണ്ട് തവണ ആക്രമണം നടത്തിയപ്പോഴും ശബ്ദമില്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇതിന് ശേഷം നിരവധി സാധാരണക്കാര്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് ആഗോള തലത്തില്‍ തന്നെ നിരോധമുള്ളപ്പോഴാണ് സിറിയന്‍ സൈന്യം ഇത് ഉപയോഗിക്കുന്നത്. 2013 ആഗസ്റ്റില്‍ ദമാസ്‌കസിനടുത്തുള്ള ഗൗധയില്‍ സിറിയന്‍ സൈന്യം രാസായുധം ഉപയോഗിച്ചതിനെ തുടര്‍ന്ന് നൂറുക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.