Kerala
മുന്‍ നക്‌സലൈറ്റ് നേതാവ് ടി എന്‍ ജോയി ഇസ്‌ലാം ആശ്ലേഷിച്ചു
തൃശൂര്‍: മുന്‍ നക്‌സലൈറ്റ് നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനും ഇടതുപക്ഷസഹയാത്രികനുമായ ടി എന്‍ ജോയി ഇസ്‌ലാം ആശ്ലേഷിച്ചു. ഹൈന്ദവ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വിശദീകരണത്തിന് മുതിരുന്നില്ലെന്നും നജ്മല്‍ എന്‍ ബാബു എന്ന് പേര് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
താന്‍ മരണമടഞ്ഞാല്‍ ഭൗതിക ശരീരം ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് ഇദ്ദേഹം മഹല്ല് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഈയിടെ വൃക്കരോഗ സംബന്ധമായി നടത്തിയ ശസ്ത്രക്രിയക്കൊപ്പം തന്റെ ചേലാകര്‍മം (സുന്നത്ത്) നടത്തിയിരുന്നതായും അറബി ഭാഷ പഠനമുള്‍പ്പടെയുളള അനുബന്ധ കാര്യങ്ങള്‍ നടക്കുന്നതായും നജ്മല്‍ എന്‍ ബാബു അറിയിച്ചു.
സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്ന പിതാവ് നീലകണ്ഠദാസാണ് 65 വര്‍ഷം മുമ്പ് തനിക്ക് ജോയി എന്ന് പേരിട്ടത്. ആ സമയത്ത് അദ്ദേഹത്തിന്റെ അമ്മാവന്റെ മകളുടെ പേര് ആഇശ എന്നുമിട്ടു. ഇതുകൊണ്ടു തന്നെ തന്റെ കുടുംബാംഗങ്ങള്‍ സങ്കുചിതമായി ചിന്തിക്കുന്നവരല്ലെന്നും അവിവാഹിതനായ അദ്ദേഹം പറഞ്ഞു. താനിപ്പോഴും ഇടതുപക്ഷത്തിന്റെ വിമര്‍ശക അനുഭാവിയാണെന്ന് അടിയന്തരാവസ്ഥ കാലത്ത് കടുത്ത പീഡനത്തിന് വിധേയമായ നജ്മല്‍ എന്‍ ബാബു പറഞ്ഞു.



