എം എ യൂസുഫലി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ മുന്‍ ആസ്ഥാനമന്ദിരം സ്വന്തമാക്കാന്‍ ഒരുങ്ങുന്നു

Posted on: April 14, 2015 6:09 pm | Last updated: April 14, 2015 at 6:09 pm

21645_675857അബുദാബി: ലോക പോലീസ് സേനകളില്‍ മികവിന്റെ അവസാന വാക്കായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിന്റെ ആസ്ഥാനമായിരുന്ന കെട്ടിട സമുച്ഛയം ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ ആസ്ഥാനമായിരുന്ന കെട്ടിടം ഗാലിയാര്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇപ്പോഴുള്ളത്. പുരാതന കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഗാലിയാര്‍ഡ് ഇത് വില്പനക്കുവെച്ചത്. 10 കോടി പൗണ്ടാണ് യൂസുഫലി കെട്ടിടത്തിന് വില നല്‍കാമെന്ന് അറിയിച്ചിരിക്കുന്നതെന്നും വാര്‍ത്തകളില്‍ പറയുന്നു.
യൂസുഫലിയുമായുള്ള ഇടപാട് പരാജയപ്പെട്ടാല്‍ മാത്രമേ കമ്പനി മറ്റിടപാടുകാരെ സമീപിക്കാനായി ലേലം നടത്തൂവെന്നാണ് അറിയുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി സണ്‍ഡേ ടൈംസ് അടക്കം വിവിധ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ഇത് സംബന്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് യൂസുഫലിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.