Connect with us

Articles

അബ്ബാസ് മാലിക്കി: നബി കീര്‍ത്തനങ്ങളുടെ വാനമ്പാടി

Published

|

Last Updated

മക്കയിലെ വിശ്രുത പണ്ഡിതന്‍ സയ്യിദ് അബ്ബാസ് മാലിക്കിയുടെ വേര്‍പാട് പ്രവാചകസ്‌നേഹികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പ്രവാചകാനുരാഗത്തിന്റെ മലര്‍വാടിയില്‍ ലോകമുസ്ലിംകളുടെ മനസ്സില്‍ എന്നും ആവേശമായിരുന്നു അബ്ബാസ് മാലിക്കിയുടെ ഈണങ്ങളും ഇശലുകളും. മൗലിദുകളും നഷീദകളും ബുര്‍ദാ മജ്‌ലിസുകളും യുവജനങ്ങളുടെ ആവേശമാക്കുന്നതില്‍ സയ്യിദ് അബ്ബാസ് മാലിക്കി വഹിച്ച പങ്ക് നിസ്തുലമാണ്.

വിശുദ്ധ ഹറമില്‍ നാലര നൂറ്റാണ്ട് കാലം ദര്‍സിന് നേതൃത്വം നല്‍കിയ പ്രവാചക കുടുംബമാണ് മാലിക്കി വംശം. അതില്‍ കാരണവരായിരുന്നു സയ്യിദ് അബ്ബാസ് മാലിക്കി. 1978ല്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ശിലാസ്ഥാപനത്തിന് നേതൃത്വം നല്‍കിയ സയ്യിദ് മുഹമ്മദ് അലവി മാലിക്കി അബ്ബാസ് മാലിക്കിയുടെ ജേഷ്ട സഹോദരനാണ്. എസ് വൈ എസിന്റെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ മുഹമ്മദ് മാലിക്കി 2004ലാണ് വഫാത്തായത്.

മുഹമ്മദ് മാലിക്കിയുമായും അബ്ബാസ് മാലിക്കിയുമായും അവരുടെ കുടുംബവുമായും താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിക്കും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്. പിതാവ് അലവി മാലിക്കിയുടെ ദര്‍സില്‍ മുഹമ്മദ് മാലിക്കിയുടെയും അബ്ബാസ് മാലിക്കിയുടെയും സഹപാഠിയായിരുന്നു താജുല്‍ ഉലമ.

abbas maliki makkah2

ദര്‍സ് നടത്തുന്നതില്‍ പിതാവിന്റെ അനന്തരക്കാരനായി ഡോ. മുഹമ്മദ് മാലിക്കി ജീവിതം നയിച്ചപ്പോള്‍, പ്രവാചക പ്രകീര്‍ത്തനങ്ങളിലും മറ്റു ആത്മീയ മജ്‌ലിസുകളിലും നേതൃത്വം നല്‍കിയതിലൂടെയാണ് അബ്ബാസ് മാലിക്കി ശ്രദ്ധേയനായത്. ഒരിക്കല്‍ അസ്മാഉല്‍ ബദ്‌റിന്റെ ഇജാസിയ്യത്ത് ചോദിച്ച് സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് മുഹമ്മദ് മാലക്കിയെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “അത് എനിക്കല്ല. അനുജന്‍ സയ്യിദ് അബ്ബാസിനാണ് പിതാവ് അത് നല്‍കിയത്. അനുജന്‍ ത്വാഇഫിലാണ്. ഞാന്‍ വിളിച്ചുപറയാം. നിങ്ങള്‍ ചെന്ന് കണ്ടാല്‍ മതി”.

അന്ന് ത്വാഇഫില്‍ ചെന്ന് കണ്ട് ഇജാസിയ്യത്ത് വാങ്ങിയത് മുതല്‍ കാന്തപുരവും അബ്ബാസ് മാലിക്കിയും തമ്മിലുള്ള ബന്ധം സുദൃഢമായിരുന്നു. അതുകൊണ്ടാണ് വിയോഗവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ കാന്തപുരം ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാനായി മക്കയിലേക്ക് തിരിച്ചത്. മര്‍ക്കസിന്റെ 27ാം വാര്‍ഷികത്തിനാണ് അബ്ബാസ് മാലിക്കി ആദ്യമായി കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് പൂനൂരില്‍ നടന്ന മദ്ഹു റസൂല്‍ സമ്മേളനത്തിനും കുണ്ടൂര്‍ ഉറൂസിനുമായി രണ്ട് തവണകൂടി കേരളം സന്ദര്‍ശിച്ചു. ഇതോടെ ദക്ഷിണേന്ത്യന്‍ മുസ്ലിംകളുടെ മനസ്സില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ വാനമ്പാടിയായി അബ്ബാസ് മാലിക്കി ഇടംപിടിച്ചു.

സഊദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അബ്ബാസ് മാലിക്കി അടുത്തിടെ വിടപറഞ്ഞ അബ്ദുല്ല രാജാവിന്റെ അടുത്ത സുഹൃത്തായിരുന്നു. മക്കയില്‍ അബ്ദുല്ല രാജാവ് പങ്കെടുത്ത പല പരിപാടികളിലും സ്വാഗതഗാനം ആലപിച്ചിരുന്നത് അബ്ബാസ് മാലിക്കിയായിരുന്നു. ജേഷ്ടന്‍ മുഹമദ് മാലിക്കിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് എത്തിയ അന്നത്തെ കിരീടാവകാശിയായിരുന്ന അബ്ദുല്ല രാജാവ് അബ്ബാസ് മാലിക്കിയോടൊപ്പം മൗലിദില്‍ പങ്കെടുത്തത് സഊദി പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അബ്ദുല്ല രാജാവിന് പിന്നില്‍ അന്ന് മാജിദ് രാജകുമാരനും സുല്‍ത്താനുമെല്ലാം ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഈജിപ്ത്, സുഡാന്‍, മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ അബ്ബാസ് മാലിക്കിക്ക് പതിനായിരക്കണക്കിന് അനുയായികളുണ്ട്. അവിടങ്ങളില്‍ എല്ലാം സന്ദര്‍ശനം നടത്തിയ അദ്ദേഹം അവിടെ നടത്തുന്ന റാത്തീബുകള്‍ക്കും മൗലിദ് പരിപാടികള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഹജ്ജ് – ഉംറ ആവശ്യാര്‍ഥം വിശുദ്ധ ഹറമുകളിലെത്തുന്ന പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അബ്ബാസ് മാലിക്കി തന്റെ വീട്ടില്‍ വിരുന്നൊരുക്കാറുണ്ട്. കേരളത്തില്‍ നിന്ന് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ എത്തുന്നവര്‍ക്ക് അ്േദഹത്തിന്റെ വീട്ടില്‍ പ്രതേ്യക പരിഗണന ലഭിച്ചിരുന്നു.

ഹജ്ജ് മാസത്തിലും റമസാനിലും റബീഉല്‍ അവ്വലിലും സ്ഥിരമായും അല്ലാത്ത മാസങ്ങളില്‍ ആഴ്ചതോറും അദ്ദേഹത്തിന്റെ വീട്ടില്‍ നടക്കുന്ന ബുര്‍ദ മജ്‌ലിസിലും മകന്‍ ഡോ. അലവി അബ്ബാസിന്റെ ഹദീസ് ക്ലാസിലും പതിനായിരങ്ങള്‍ പങ്കെടുക്കാറുണ്ട്. മക്കയില്‍ എത്തുന്ന ലോക പണ്ഡിതന്മാര്‍ മുഴുവനും അബ്ബാസ് മാലിക്കിയുടെ മജ്‌ലിസുകളില്‍ പങ്കെടുത്തിരുന്നു.

മക്കയില്‍ ആഴ്ചതോറും നടക്കുന്ന നിരവധി, മൗലീദ്, ബുര്‍ദാ സദസ്സുകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് അബ്ബാസ് മാലിക്കിയുടെതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാദുലി റാത്തീബ്, അസ്മാഉല്‍ ബദര്‍, ദലായിലുല്‍ ഖൈറാത്ത്, ഹദ്ദാദ് റാത്തീബ്, ബുര്‍ദ മജ്‌ലിസുകള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അല്ലാഹു അവിടുത്തെ ദറജ ഉയര്‍ത്തുമാറാകട്ടെ! – ആമീന്‍.