രാമനാട്ടുകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Posted on: April 14, 2015 9:01 am | Last updated: April 15, 2015 at 12:43 am

ramanattukara_accidentett14042015
രാമനാട്ടുകര: കോഴിക്കോടിന് സമീപം രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു .ഇന്ന് പുലര്‍ച്ചെ 2 .45 നു രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡ്‌ ബൈപ്പാസ് ജംക്ഷനിലാണ് അപകടം . ഇടുക്കി നെടുകണ്ടം ചോറ്റുപാറ ചന്ദ്രശേഖരന്‍(55), നെടുകണ്ടം മണേമല്‍ അനു (30), ഓച്ചറ മുത്തനാട് പറമ്പ് ജയലക്ഷ്മി (11) എന്നിവരാണ് മരിച്ചത് .

മൂകാംബികയില്‍ നിന്നും ഇടുക്കിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സും പാലക്കാട് നിന്നും കണ്ണൂരിലെക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും  കൂട്ടിയിടിച്ച് ബസ്സ്‌ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ത്രീ  ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണും രണ്ടു പേര്‍ ബസ്സിന്റെ സീറ്റിനടിയില്‍ കുടുങിയും തത്ക്ഷണം മരിച്ചു .

ഇടുക്കിയില്‍ നിന്നും കഴിഞ്ഞ 10 ന് മൂകാംബികയിലേക്ക് രണ്ട് ബസ്സുകളിലായി തീര്ഥാ‍ടനത്തിനു പുറപ്പെട്ടതായിരുന്നു സംഘം . അപകടമുണ്ടായ ഉടനെ  രാമനാട്ടുകരയിലെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ ത്തനം നടത്തി .കോഴിക്കോട് നിന്നും മീഞ്ചന്തയില്‍ നിന്നും അഗ്നിശമനസേനയും എത്തി .ക്രെയിന്‍ എത്തി ബസ്സ് പൊക്കിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത് .