Connect with us

Editorial

റാഫേല്‍ വിമാനക്കരാര്‍ ആര്‍ക്കു വേണ്ടി?

Published

|

Last Updated

ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസിന്റെ ഇന്ത്യാ സന്ദര്‍ശനം വെറുതെയായില്ല. ഫ്രാന്‍സില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ നരേന്ദ്ര മോദി ഒപ്പു വെച്ചതോടെ തന്റെ ദൗത്യം ഭംഗിയായി നിറവേറ്റിയെന്ന് അദ്ദേഹത്തിന് ആശ്വസിക്കാം. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദുമായി ശനിയാഴ്ചയാണ് മോദി ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. ഒന്നാം എ ന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതാണ് റാഫേല്‍ വിമാനക്കച്ചവടത്തില്‍ ഏര്‍പ്പെടാനുള്ള ഫ്രാന്‍സിന്റ നീക്കം. വ്യോമസേന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ അന്ന് നടന്നില്ല. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് വീണ്ടും ചര്‍ച്ച നടന്നെങ്കിലും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാന്‍ ഫ്രാന്‍സ് വിസമ്മതിച്ചതനാല്‍ അന്നും കരാറായില്ല. ബ്രസീല്‍, കാനഡ, നോര്‍വെ, നെതര്‍ലന്‍ഡ്‌സ്, സിംഗപ്പൂര്‍, ദക്ഷിണകൊറിയ തുടങ്ങി വേറെ ചില രാജങ്ങളും റാേഫല്‍ വിമാനം വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവരും പിന്‍വാങ്ങുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് വിമാന നിര്‍മാതാക്കളായ ഫ്രാന്‍സിലെ ദസൗള്‍ട്ട് വ്യോമയാന കമ്പനി പ്രതിസന്ധിയിലാകുകയും അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് വിമാനം വാങ്ങിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയാണ് മോദി അധികാരമേറ്റയുടന്‍ ഡല്‍ഹിയില്‍ എത്തിയ ഫ്രഞ്ച് വിദേശ മന്ത്രിയുടെ മുഖ്യ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിലക്കൂടുതലും നിലവാരമില്ലായ്മയുമാണ് റാഫേല്‍ വിമാനങ്ങള്‍ ചെലവാകാതെ കെട്ടിക്കിടക്കുന്നതിന് കാരണം. കേന്ദ്ര ഭരണകക്ഷിയായ ബി ജെ പി യുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യ സ്വാമി തന്നെയാണ് ഇത് പറയുന്നത്. നടേപറഞ്ഞ രാജ്യങ്ങള്‍ ഇടപാടില്‍ നിന്ന് പിന്മാറിയതും ഇതുകൊണ്ടായിരുന്നു. മോദി പിന്നെ എന്തിന് ഇത്തരമൊരു കരാറില്‍ ഒപ്പു വെച്ചുവെന്നത് ദുരൂഹമാണ്. സുബ്രഹ്മണ്യ സ്വാമിയും എന്‍ ഡി എ ഘടകകക്ഷിയായ ശിവസേനയും പറയുന്നത് ഇതൊരു അഴിമതി ഇടപാടാണെന്നും ഉദ്യോഗസ്ഥ വൃന്ദം മോദിയെ സ്വാധീനിക്കുകയായിരുന്നുവെന്നുമാണ്. മിക്ക ആയുധ ഇടപാടുകള്‍ക്കു പിന്നിലും കരുക്കള്‍ നീക്കുന്നത് ഇടനിലക്കാരാണ്. തുടക്കത്തില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അവര്‍ ഇതിനുള്ള കളമൊരുക്കുന്നത്. സുബി മാല കേസുള്‍പ്പെടെ ഒട്ടേറെ ആയുധ ഇടപാട് കേസുകളില്‍ ഇടനിലക്കാരുടെ കള്ളക്കളി ഇതിനകം വെളിച്ചത്തുവന്നതാണ്. മുംബൈയിലെ സുബിഷ് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് സുബി മാല. ഇവരായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ടാങ്ക് നിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പ്രതിരോധ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചു, നേരത്തെ തീരുമാനിച്ച വിലയേക്കാള്‍ 60 ശതമാനം കൂടുതല്‍ തുകക്കാണ് അവര്‍ കച്ചവടമുറപ്പിച്ചത്. ഇതുവഴി അവരും ഉദ്യോഗസ്ഥരും ചേര്‍ന്നു വന്‍തുക തട്ടിയെടുത്തതായി സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷാഭീഷണിയെ പെരുപ്പിച്ചു കാണിച്ചും അതിശയോക്തിപരവും തെറ്റായതുമായ വിവരങ്ങള്‍ ചേര്‍ത്തുമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയാണ് ഉദ്യോഗസ്ഥ വൃന്ദം ആയുധ ഇടപാടുകള്‍ക്ക് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
വി വി ഐപി സുരക്ഷക്കെന്ന പേരില്‍ 2010ല്‍ ഇറ്റലിയില്‍ നിന്ന് ഇന്ത്യ ഹെലികോപ്റ്റര്‍ വാങ്ങിയതിലും സമാനമായ അഴിമതി നടന്നതായി വെളിപ്പെടുകയുണ്ടായി. ഇറ്റാലിയന്‍ പ്രതിരോധ ഗ്രൂപ്പായ ഫിന്‍ മെക്കാനിക് മേധാവി ജോസഫ് ഓര്‍സി അറസ്റ്റിലായതോടെയാണ് ഈ അഴിമതിക്കഥ പുറത്തുവന്നത്. മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി ശശി ത്യാഗി ഇടപാടില്‍ കോഴ കൈപ്പറ്റിയതായി ഇറ്റലിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷലിനും ഗിഡോ റാള്‍ഫ് ഹാഷ്‌കെയുമാണ് കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. ഫ്രാന്‍സിലെ ദസൗള്‍ട്ടില്‍ നിന്ന് നേരത്തെ ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങള്‍ വാങ്ങിയപ്പോഴും മിഷലായിരുന്നു ഇടനിലക്കാരന്‍. ഹാഷ്‌കെക്കും മിഷലിനും കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ളതായും ആരോപണമുയര്‍ന്നിരുന്നു. 2010ലെ ഹെലികോപ്റ്റര്‍ ഇടപാടിനെ “രണ്ടാം ബൊഫോഴ്‌സ് കുംഭകോണ”മെന്നാണ് അന്ന് പ്രതിപക്ഷമായിരുന്ന ബി ജെ പി കുറ്റപ്പെടുത്തിയിരുന്നത്. ഇന്നിപ്പോള്‍ പ്രസ്തുത ആരോപണം മോദിയെയും ബി ജെ പിയെയും തിരിഞ്ഞു കുത്തുകയാണ്.
മോദിയുടെ വണ്‍മാന്‍ ഷോയുടെ ഭാഗമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെയും ആലോചിക്കാതെയുമാണ് പല കരാറുകളിലും അദ്ദേഹം ഏര്‍പ്പെടുന്നതെന്ന പരാതിയും ഭരണ കേന്ദ്രങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നു വരുന്നുണ്ട്. ആയുധക്കരാറുകളില്‍ ഒപ്പു വെക്കുമ്പോള്‍ പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചിക്കുകയെന്നത് സാമാന്യ മര്യാദയാണ്. റാഫേല്‍ കരാറില്‍ അതുണ്ടായിട്ടില്ലെന്നാണറിയുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മോദി വെട്ടില്‍ അകപ്പെടില്ലായിരുന്നു. ഭരണ കക്ഷിയില്‍ തന്നെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നു വന്നിരിക്കെ ഈ ഇടപാടിനെക്കുറിച്ചു പുനരാലോചന അനിവാര്യമാണ്. ഇന്ത്യ ആയുധക്കരാറില്‍ ഏര്‍പ്പെടുന്നത് പ്രതിരോധ മേഖലയുടെ ശാക്തീകരണത്തിനായിരിക്കണം; നഷ്ടത്തിലോടുന്ന വിദേശക്കമ്പനികളുടെ രക്ഷക്കാകരുത്.