Connect with us

Kerala

ചെക്ക് പോസ്റ്റുകളില്‍ വ്യാജ മദ്യക്കടത്ത് തടയാന്‍ സംവിധാനമില്ല

Published

|

Last Updated

കൊല്ലം : ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലേക്ക് വ്യാജ മദ്യത്തിന്റെ ഒഴുക്ക് വര്‍ധിച്ചു. ഇത് മദ്യദുരന്തത്തിലായിരക്കും കലാശിക്കുകയെന്ന ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റ് കടത്ത് ഫലപ്രദമായി തടയാനുള്ള സൗകര്യങ്ങള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലില്ലെന്നതാണ് യാഥാര്‍ഥ്യം.
തെക്കന്‍ അതിര്‍ത്തിയിലെ അച്ചന്‍കോവില്‍, ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റുകള്‍ വഴി ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുവരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ടാങ്കര്‍ ലോറികളിലും ടൂറിസ്റ്റ് ബസുകളിലും സ്പിരിറ്റ് കടത്തുന്നത് തടയാന്‍ ആവശ്യമായ പരിശോധനാ സംവിധാനങ്ങള്‍ ഇവിടെയില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടുസ്സ് മുറികളിലാണ് ചെക്ക്‌പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.
ആര്യങ്കാവ് മേജര്‍ ചെക്ക് പോസ്റ്റിലും അച്ചന്‍കോവില്‍ മൈനര്‍ ചെക്ക് പോസ്റ്റിലുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പത്ത് ഇന്‍സ്‌പെക്ടര്‍മാരും ആറ് ജീവനക്കാരുമാണുള്ളത്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ വാഹന പരിശോധന കാര്യക്ഷമമായി നടത്താന്‍ കഴിയാറില്ല. രഹസ്യ സന്ദേശങ്ങള്‍ കിട്ടിയാല്‍ മാത്രമാണ് സ്പിരിറ്റ് പിടിയിലാകുന്നത്.
കൊല്ലം ജില്ലാ എക്‌സൈസില്‍ അഞ്ച് സര്‍ക്കിളിലും ഒമ്പത് റെഞ്ചിലുമായി ഉദ്യോഗസ്ഥര്‍ അടക്കം 300 പേര്‍ മാത്രമാണുള്ളത്. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന ജില്ല എന്നനിലയില്‍ വ്യാജ മദ്യം തടയാന്‍ ഇരട്ടിയോളം ജീവനക്കാരെങ്കിലും വേണം. ജില്ലയുടെയാകെ ചുമതലയുള്ള ഒരു സ്‌പെഷ്യല്‍ സ്‌ക്വാഡും ഐ ബി യൂനിറ്റും പ്രവര്‍ത്തിക്കുന്നു. കൊല്ലം ജില്ലാ എക്‌സൈസിന് ആകെയുള്ള ജീപ്പുകളുടെ എണ്ണം 28 മാത്രമാണ്. അതില്‍ ഭൂരിഭാഗവും പഴകി ദ്രവിച്ചവയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഉയര്‍ന്ന നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതിനാല്‍ സര്‍ക്കാറിന്റെ മദ്യവില്‍പ്പനകേന്ദ്രങ്ങളിലെ വില്‍പ്പന ക്രമാതീതമാകും. പൊതുസ്ഥലങ്ങളിലെ മദ്യപാനം ക്രമസമാധാന പ്രശ്‌നം രൂക്ഷമാക്കും. നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ത്തന്നെ വ്യാജവാറ്റ് സംഘങ്ങള്‍ പെരുകിയിട്ടുണ്ട്. ഇതിനെ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചും ആശങ്ക നിലനില്‍ക്കുകയാണ്.
ബാറുകള്‍ പൂട്ടിയതോടെ ബിയറും വൈനും മദ്യപാനികള്‍ക്ക് പ്രിയങ്കരമായി മാറുകയാണ്. ബാറുകള്‍ പൂട്ടാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി പുറത്തുവരുന്നതിന് മുമ്പുതന്നെ ബിയറിന്റെ ഉപഭോഗത്തില്‍ വന്‍വര്‍ധനവുണ്ടായതായി ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ജനുവരിയോടെ തന്നെ ബിയറിന്റെ ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനം കൂടിയിരുന്നു. ഫെബ്രുവരി ആയപ്പോഴേക്കും 15 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വൈനിന്റെ പ്രചാരവും പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ബാറുകള്‍ അടച്ചതോടെ പുതിയ ബിയര്‍ പാര്‍ലറുകള്‍ തുറക്കാനുള്ള നീക്കവും വ്യാപകമായി. കഴിഞ്ഞ വര്‍ഷം വരെ ലൈസന്‍സുള്ള ബിയര്‍ പാര്‍ലറുകളുടെ എണ്ണം സംസ്ഥാനത്ത് 60തില്‍ താഴെ മാത്രമായിരുന്നെങ്കില്‍ പുതിയ കണക്കനുസരിച്ച് ഇവയുടെ എണ്ണം എഴുന്നൂറിലധികമാകും. പുതുതായി 390 ബിയര്‍ പാര്‍ലറുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കൂടിയുള്ള ബാറുകള്‍ 312 ആണ്. ഇവയെല്ലാം തന്നെ ഇനി ബിയര്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാണ്. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ അടക്കം കൊല്ലം ജില്ലയില്‍ 26 ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.
ആദ്യഘട്ടത്തില്‍ പൂട്ടിയ ശേഷം ബിയര്‍വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തനം ആരംഭിച്ച 28 ഹോട്ടലുകളുണ്ട്. രണ്ടാം ഘട്ടത്തില്‍ ബിയര്‍വൈന്‍ വില്‍പ്പനക്ക് അനുമതി ലഭിച്ച 15 ഹോട്ടലുകളും അടക്കം ജില്ലയില്‍ 43 ബിയര്‍വൈന്‍ പാര്‍ലറുകളുമുണ്ട്. പൂട്ടിയ ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ബാറുകളില്‍ നിലവില്‍ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാര്‍ ഇന്ന് തൊഴില്‍ പ്രതിസന്ധിയിലാണ്. അതുകൊണ്ട് മിക്ക ബാറുകളും ബിയര്‍വൈന്‍ – റെസ്‌റ്റോറന്റുകളാക്കി തൊഴിലാളികളെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഉടമകള്‍.
മുപ്പതും നാല്‍പ്പതും വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളികള്‍ ബാറുകളിലുണ്ട്. ഇവര്‍ക്ക് മറ്റു ജോലി തേടി പോകാനും കഴിയില്ല. ശമ്പളം കൂടാതെ ടിപ്പ് ഇനത്തില്‍ നല്ലൊരു തുക ബാര്‍മാന്മാര്‍ക്ക് ലഭിച്ചിരുന്നു. പെട്ടെന്ന് തൊഴില്‍ നഷ്ടമായതോടെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.