എനിക്കെതിരെ ആയുധലോബി ഗൂഢാലോചന നടത്തുന്നു: വി കെ സിംഗ്

Posted on: April 13, 2015 3:10 am | Last updated: April 13, 2015 at 12:11 am

vk singhന്യൂഡല്‍ഹി: തനിക്കെതിരെ ആയുധലോബി ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. താന്‍ കരസേന മേധാവിയായിരുന്നപ്പോള്‍ ആയുധലോബിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ നിരാശ തീര്‍ക്കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേനയില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്. തനിക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന സംഘടിത ആക്രമണം ആയുധലോബിക്ക് വേണ്ടിയാണ്.
തനിക്കെതിരെ മുന്‍ കരസേന ഉദ്യോഗസ്ഥന് അവരുമായുള്ള ബന്ധം എന്താണെന്ന് താന്‍ വിശദീകരിക്കുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ പണം വാങ്ങിയിട്ടുള്ള ധാരാളം പേരുണ്ട്. അതുകൊണ്ട് അവര്‍ പറയുന്നത് പോലെ എഴുതിക്കൊടുക്കാന്‍ ചില മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുധലോബി ഇപ്പോഴും തനിക്കെതിരെ നീങ്ങുന്നുണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ആയുധലോബി തങ്ങള്‍ക്കാവുന്ന വിധം തനിക്കെതിരെ പ്രവര്‍ത്തിച്ചു. ഒരുപാട് പണമൊഴുക്കി. ഇപ്പോഴും അവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും വി കെ സിംഗ് പറഞ്ഞു. തന്നെ എങ്ങനെയെങ്കിലും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വി കെ സിംഗ് ആരോപിച്ചു.
നേരത്തെ മാധ്യമപ്രവര്‍ത്തകരെ പ്രസ്റ്റിറ്റിയൂട്ട്‌സ് എന്ന് വിളിച്ചതില്‍ വി കെ സിങ് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ആയുധലോബി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് അദ്ദേഹം രംഗത്ത് വന്നത്.