യുവതിയുടെ ആത്മഹത്യ: പ്രതി ദേവസ്വം ബോര്‍ഡ് മേഖലാ ചെയര്‍മാനായി തുടരുന്നു

Posted on: April 13, 2015 4:03 am | Last updated: April 13, 2015 at 12:04 am

kkd gen aathmahathya pathi prajeeshകോഴിക്കോട്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ചെയര്‍മാനായി തുടരുന്നു. കോണ്‍ഗ്രസ് മാങ്കാവ് ബ്ലോക്ക് സെക്രട്ടറിയായ തിരുത്തിയില്‍ പ്രജീഷാണ് കഴിഞ്ഞ ഡിസംബര്‍ 24 ന് ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴാണ് ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തത്. ഇയാളൊടൊപ്പം താമസിപ്പിച്ചിരുന്ന ബേപ്പൂര്‍ തമ്പി റോഡ് മഠത്തില്‍ വിപിന(32) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസ് പ്രതി ചേര്‍ത്തിരുന്നത്. വിപിനയുടെ കുറിപ്പില്‍, ആത്മഹത്യക്ക് പ്രജീഷാണ് ഉത്തരവാദിയെന്ന് എഴുതിയിരുന്നു. തുടര്‍ന്ന് വിപിനയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പോലീസ് അന്വേഷിച്ച് ഇയാളെ പ്രതിചേര്‍ത്ത്ത്. എന്നാല്‍ ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല.
പ്രതി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യാതെ, ജാമ്യം കിട്ടാനുള്ള സാവകാശം ഒരുക്കിക്കൊടുക്കുകയാണ് പോലീസെന്ന് വിപിനയുടെ കുടുംബം പറയുന്നു. കഴിഞ്ഞ നവംബര്‍ 14 നാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ബിരുദദാരിയായ വിപിന 2002ല്‍ അഡ്വ. സൂര്യസെന്‍ എന്നയാള്‍ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2007ല്‍ ബന്ധം കുടുംബകോടതി മുഖേന വേര്‍പെടുത്തി. സ്വകാര്യട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന വിപിന അവിടെ വെച്ചാണ് പ്രജീഷുമായി അടുപ്പത്തിലായത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി 2012 നവംബര്‍ 26 ന് പ്രജീഷ് വിപിനയെ വീട്ടില്‍ നിന്നും ഇറക്കി തുടര്‍ന്ന് ഇരുവരും ഫറോക്ക് പെരുമുഖത്ത് വാടകവീട്ടിലായിരുന്നു താമസം. പ്രജീഷിന് ഭാര്യ നിലനില്‍ക്കെയാണ് വിപിനയെ കൂടെ താമസിപ്പിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ അത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നത്തിലക്ക് പരാതി നേരിട്ട് നല്‍കിയപ്പോള്‍ അന്വേഷണം നടത്താം എന്നായിരുന്നു മറുപടി. ഫറോക്ക് പൊലീസ് അന്വേഷണം നടത്തിയെന്നും പ്രജീഷിന് വിപിനയുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതില്‍ കേസെടുത്തതായും ഇയാള്‍ സെഷന്‍സില്‍ നല്‍കിയ ജാമ്യേപക്ഷക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധവായുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
വിപിനയുടെ പിതാവ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി സെക്രട്ടറി സുമാബാലകൃഷ്ണന്‍ അന്വേഷിച്ചു. പിന്നീട് മാധ്യമങ്ങളിലൂടെ അറിഞ്ഞത് പ്രജീഷിനെ കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ്. പക്ഷെ ഇപ്പോഴും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ചെയര്‍മാനായി പ്രജീഷ് തുടരുന്നു. ഭരണത്തിലും പൊലീസിലുമുള്ള സ്വാധീനത്തിലാണ് ഇയാള്‍ നിയമവിരുദ്ധമായി തുടരുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രജീഷിനെ അറസ്റ്റ് ചെയ്യണെമന്ന് ആവശ്യപ്പെട്ട് അടുത്ത മാസം എട്ടിന് ബേപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.