ഗവര്‍ണര്‍മാര്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

Posted on: April 13, 2015 4:56 am | Last updated: April 13, 2015 at 5:55 pm

governorന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്ത പതിനെട്ടിന ചട്ടങ്ങള്‍ ഗവര്‍ണര്‍മാരുടെ യാത്രകള്‍ക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. വര്‍ഷത്തില്‍ 292 ദിവസമെങ്കിലും അവരവര്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഉണ്ടായിരിക്കണമെന്നും പുറത്തേക്കുള്ള യാത്രകള്‍ മുഴുവന്‍ രാഷ്ട്രപതിയുടെ അറിവോടെയും അംഗീകാരത്തോടെയും ആയിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗവര്‍ണര്‍മാരെ നിരവധി തവണ സ്ഥലം മാറ്റുകയും യു പി എ നിയമിച്ച ഗവര്‍ണര്‍മാരുടെ കാലാവധി അവസാനിക്കാന്‍ വളരെ കുറച്ച് കാലമുള്ളപ്പോള്‍ പുറത്താക്കുകയും ചെയ്ത് വിവാദത്തിലകപ്പെട്ടിരുന്നു.

ചില ഗവര്‍ണര്‍മാര്‍ ഏറിയ സമയവും സംസ്ഥാനത്തിന് പുറത്താണ് ഉള്ളതെവന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഈ പ്രവണത അവസാനിപ്പിക്കുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. രാഷ്ട്രപതിയുടെയോ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന്റെയോ മുന്‍കൂട്ടി അനുവാദമില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് സന്ദര്‍ശനം പാടില്ല. അവസാന നിമിഷം അനിവാര്യമാകുന്ന യാത്രകള്‍ ഉണ്ടെങ്കില്‍ അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് വഴി രാഷ്ട്രപതിക്ക് നല്‍കണം.
സാധാരണഗതിയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിന് ആറാഴ്ചക്കും ഒരാഴ്ചക്കും ഇടയിലുള്ള സമയത്തിന് മുമ്പായി രാഷ്ട്രപതി ഭവനെ അറിയിക്കണം. ഇതിന്റെ സമയപരിധി നിശ്ചയിക്കുന്നത് യാത്ര വ്യക്തിപരമോ ഔദ്യോഗികമോയെന്നതും ആഭ്യന്തരമോ വൈദേശികമോ എന്നതും നോക്കിയാകുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു. ഇത്തരം അപേക്ഷകളുടെ പകര്‍പ്പ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും നല്‍കണമെന്ന നിഷ്‌കര്‍ഷയുമുണ്ട്. സ്വകാര്യ സന്ദര്‍ശനങ്ങള്‍ ‘ഔദ്യോഗി’കമാക്കി മാറ്റുന്നത് തടയാന്‍, സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായി രാഷ്ട്രപതിഭവന് കൈമാറണം. രാജ്യത്തിനകത്തായാലും പുറത്തായാലും ഇത് ബാധകമാണ്. പരിപാടിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ അതും അറിയിക്കണം.
ഇത്തരം യാത്രകളുടെ മൊത്തം ദൈര്‍ഘ്യം ആകെ ദിനങ്ങളുടെ ഇരുപത് ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. വിദേശ യാത്രകളുടെ കാര്യത്തില്‍ ആറാഴ്ച മുമ്പ് അനുമതി വാങ്ങിയിരിക്കണം. ഗവര്‍ണര്‍മാര്‍ വിദേശ യാത്ര നടത്തും മുമ്പ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് പ്രകാരമുള്ള ക്ലിയറന്‍സ് നേടിയിരിക്കണമെന്നും പുതിയ ചട്ടം നിഷ്‌കര്‍ഷിക്കുന്നു.
യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മോദി അധികാരത്തില്‍ വന്നയുടന്‍ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്തിരുന്നു. എം കെ നാരായണന്‍, വക്കം പുരുഷോത്തമന്‍, കെ ശങ്കരനാരായണന്‍, ഷീലാ ദീക്ഷിത് തുടങ്ങിയവര്‍ ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞത്.
2004ല്‍ ഒന്നാം യു പി എ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അതിന് മുമ്പ് എന്‍ ഡി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഗവര്‍ണര്‍മാരുടെ നിയമനം, മാറ്റം എന്നിവ സംബന്ധിച്ച ചില നിബന്ധനകളും നിര്‍ദേശങ്ങളും സുപ്രീം കോടതി കോടതി പുറപ്പെടുവിച്ചിരുന്നു.