Connect with us

International

'ഭീകരരെ ആവശ്യമുണ്ട്': ഓണ്‍ലൈനില്‍ ഇസില്‍ പരസ്യം

Published

|

Last Updated

ലണ്ടന്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അസ്ഥിരത സൃഷ്ടിച്ച് മുന്നേറുന്ന ഇസില്‍, വ്യത്യസ്ത ജോലികളിലേക്ക് ആളുകളെ ക്ഷണിച്ച് പരസ്യമിറക്കി. ഇന്‍ഡിപെന്‍ഡന്റ് പത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍, ബോംബ് നിര്‍മാതാക്കള്‍, ഡോക്ടര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവരെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് പരസ്യം. ഓണ്‍ലൈന്‍ വഴിയാണ് ഈ പരസ്യം നല്‍കിയിരിക്കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അബൂ സഈദ് അല്‍ ബ്രിട്ടന്‍ എന്ന പേരിലാണ് പോസ്റ്റുള്ളത്. യുദ്ധരംഗത്ത് താത്പര്യമില്ലാത്തവര്‍ക്കാണ് ഈ മേഖലയിലെ ജോലിക്ക് അവസരമെന്നും പരസ്യത്തിലുണ്ട്. മാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകള്‍ വഴിയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനാണ് മാധ്യമപ്രവര്‍ത്തകരെ ഇവര്‍ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാണ്. ബോംബ് നിര്‍മാണത്തെ മനോഹരമായ ജോലി എന്ന് പോസ്റ്റില്‍ വിശേഷിപ്പിക്കുന്നു. തങ്ങള്‍ക്ക് ബോംബ് നിര്‍മാതാക്കളെ ആവശ്യമുണ്ടെന്നും ചാവേറുകളാകാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനാണ് ഇവരുടെ ആവശ്യമെന്നും പരസ്യത്തിലുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അധ്യാപകരെയും ഡോക്ടര്‍മാരെയും ആവശ്യമായിരിക്കുന്നു. ഇതിന് പുറമെ നിയമങ്ങള്‍ അംഗീകരിക്കാത്തവരെ ശിക്ഷിക്കാന്‍ പോലീസിനെയും ആവശ്യപ്പെട്ടിട്ടുണ്ട്.