ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് ഉള്‍പ്പടെ 14 പേരുടെ വധശിക്ഷ ഈജിപ്ത് കോടതി ശരിവെച്ചു

Posted on: April 12, 2015 6:00 am | Last updated: April 12, 2015 at 8:43 am

downloadകൈറോ: ഈജിപ്തില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് മുഹമ്മദ് ബദീഅ് ഉള്‍പ്പടെ 14 പേരുടെ വധശിക്ഷ കോടതി ശരിവെച്ചു. ഒരു യു എസ് ഈജിപ്ഷ്യന്‍ പൗരനടക്കം 36 പേരെ ജീവപര്യന്തം ശിക്ഷക്കും കോടതി വിധിച്ചു. തീവ്രവാദം, രാജ്യദ്രോഹം, നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ വിധി വന്നിരുന്നു. ഇതാണ് ഇപ്പോള്‍ കോടതി ശരിവെച്ചിരിക്കുന്നത്.
ബ്രദര്‍ഹുഡ് നേതാവായിരുന്ന മുഹമ്മദ് മുര്‍സി 2013ല്‍ അധികാരത്തിലേറിയ ശേഷം ഇദ്ദേഹത്തിന്റെ ഭരണ നടപടിയില്‍ പ്രതിഷേധിച്ച് ഈജിപ്ഷ്യന്‍ ജനതയൊന്നാകെ തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭത്തിന്റെ അന്തിമഘടത്തില്‍ രാജ്യം അസ്ഥിരപ്പെടാതിരിക്കാന്‍ വേണ്ടി സൈന്യം അധികാരമേറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണ സംഭവങ്ങളുടെ പേരിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ഇതുവരെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. ഒരു ബ്രദര്‍ഹുഡ് അംഗത്തിന്റെ വധശിക്ഷ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മുര്‍സി അധികാരഭ്രഷ്ടനായതു മുതല്‍ രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് അരങ്ങേറുന്നത്. ഇതിന് പിന്നിലും ബ്രദര്‍ഹുഡാണെന്ന് സൂചനയുണ്ട്.
മിന്‍യ പ്രവിശ്യയിലെ പോലീസ് സ്‌റ്റേഷന് നടന്ന ആക്രമണത്തിന്റെ പേരില്‍ ബദീഇനെതിരെ നേരത്തെ തന്നെ വധശിക്ഷ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ റദ്ദാക്കി പുനര്‍വിചാരണ നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. ബ്രദര്‍ഹുഡിന്റെ എട്ടാമത്തെ ജനറല്‍ ഗൈഡായാണ് മുഹമ്മദ് ബദീഅ് അറിയപ്പെടുന്നത്. ഈ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ബ്രദര്‍ഹുഡിന്റെ അധ്യക്ഷ സ്ഥാനത്തായിരുന്നു അദ്ദേഹം. നിരോധിക്കപ്പെട്ട തീവ്രവാദി സംഘടന ബ്രദര്‍ഹുഡിനെ സഹായിച്ച കേസില്‍ മുഹമ്മദ് സുല്‍ത്താന്‍ എന്ന യു എസ് – ഈജിപ്ഷ്യന്‍ പൗരനെ കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡ് പ്രഭാഷകന്‍ സ്വലാഹ് സുല്‍ത്താന്റെ മകനാണ് മുഹമ്മദ് സുല്‍ത്താന്‍.
അബ്ദുല്‍ഫത്താഹ് അല്‍സീസിയുടെ ഭരണമാണ് ഇപ്പോള്‍ ഈജിപ്തില്‍ നടക്കുന്നത്. രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാണ് ബ്രദര്‍ഹുഡെന്ന് അല്‍സീസി ചൂണ്ടിക്കാട്ടുന്നു.