Connect with us

Editorial

നാം എങ്ങോട്ട്

Published

|

Last Updated

2012 ഡിസംബര്‍ 16 ഇന്ത്യാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഒരു പുത്തന്‍ അവബോധം സൃഷ്ടിച്ച ആ സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അതിക്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക മേഖലയില്‍ 32കാരിയായ ഒരു ഉദ്യോഗസ്ഥക്ക് യാത്രക്ക് വിളിച്ച ഒരു ടാക്‌സി കാറിലെ ഡ്രൈവറില്‍ നിന്നുണ്ടായ അനുഭവം അതാണ് വ്യക്തമാക്കുന്നത്. രാത്രി ഒമ്പതര മണിക്ക് ദ്വാരകയില്‍ നിന്ന് മധുവിഹാറിലെ വസതിയിലേക്ക് പോകാന്‍ വിളിച്ച ടാക്‌സി ഡ്രൈവറാണ് യുവതിയെ മൃഗീയമായി പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അഴിമതിക്കെതിരെയും സ്ത്രീകള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്തും ഡല്‍ഹിയില്‍ അധികാരമേറ്റ ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തില്‍ പോലും അവര്‍ സുരക്ഷിതരല്ല. ഇത് ഡല്‍ഹിയിലെ മാത്രം അവസ്ഥയല്ല. രാജ്യത്തിന്റെ ഏത്‌കോണിലും ഇത് ആര്‍ക്കും സംഭവിക്കാം.
ഇതിന് ഉത്തമ നിദര്‍ശനങ്ങളാണ് പോയവാരം മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളില്‍ സംഭവിച്ചത്. ദൗന്ത് താലൂക്കിലെ യവത് ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്ച ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു പെണ്‍കുട്ടിക്ക്് ആത്മാഹുതിക്ക് ശ്രമിക്കേണ്ടിവന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ ഈ പതിനാറുകാരി 60 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ മരണവുമായി മല്ലടിക്കുകയാണ്. തര്‍ക്കവിധേയമായ ഒരു സ്ഥലത്തെ ചൊല്ലിയുള്ള വഴക്കും വക്കാണവുമാണ് ഈ പെണ്‍കുട്ടിയുടെ ദുര്‍വിധിക്ക് വഴിവെച്ചത്. ഒരു അക്രമിസംഘം സ്ഥലത്തിനുള്ള അവകാശവാദവുമായി പെണ്‍കുട്ടിയുടെ മാതാവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. മര്‍ദനമേറ്റ് വീണ മാതാവിനെ രക്ഷിക്കാന്‍ പെണ്‍കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴാണ് അക്രമികളില്‍ രണ്ട്‌പേര്‍ അവളെ കാണുന്നത്. തര്‍ക്ക വിധേയസ്ഥലം വിട്ട് അവര്‍ പെണ്‍കുട്ടിക്ക് നേരെ തിരിഞ്ഞു. മാനം രക്ഷിക്കാന്‍ വീട്ടിനകത്തേക്ക് ഓടിക്കയറിയ പെണ്‍കുട്ടിക്ക് പിറകെ “വേട്ടക്കാ”രും അകത്ത് കടന്നു. രക്ഷാമാര്‍ഗം തേടിയ പെണ്‍കുട്ടിക്ക് ഒരു മണ്ണെണ്ണക്കുപ്പിയാണ് കൈയില്‍ കിട്ടിയത്. ആത്മഹൂതി ചെയ്യുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിട്ടും അക്രമികള്‍ പിന്തിരിഞ്ഞില്ല. സ്വയം തീകൊളുത്താന്‍ അവര്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി 60 ശതമാനത്തിലേറെ പൊള്ളലേറ്റ് ആശുപത്രിയില്‍ മരണവുമായി മല്ലിടുകയാണ്. സംഭവത്തോടനുബന്ധിച്ച് 7പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത മഹാരാഷ്ട്രയിലെ തന്നെ അകൊല ജില്ലയിലെ ബാബുല്‍ഗാവില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാലയത്തിലെ മൂന്ന് അധ്യാപകരെ പോലീസ് അറസ്റ്റ്‌ചെയ്തു. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന 55 വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം. മാര്‍ച്ച് 27ന് ലഭിച്ച ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ആശ മിര്‍ഗെ സ്‌കൂളിലെ 359 പെണ്‍കുട്ടികളേയും കണ്ട് വിവരം ശേഖരിക്കുകയായിരുന്നു. 55 കുട്ടികള്‍ രേഖാമൂലം തന്നെ അധ്യാപകരെ കുറിച്ച് പരാതി നല്‍കി. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
സ്ത്രീപീഡനത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. വയനാട് ജില്ലയിലെ അമ്പലവയലിലെ പുറ്റാട് മലയച്ചന്‍ കൊല്ലി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു ആദിവാസി ബാലികയെ മദ്യം നല്‍കി, കെട്ടിയിട്ട് പീഡിപ്പിച്ച സംഭവമാണ് വെള്ളിയാഴ്ച പുറത്ത് വന്നത്. കുട്ടിയുടെ പരാതിയില്‍ ഇതേ കോളനിയിലെ താമസക്കാരനായ ഒരാളെയും ഒരു സ്ത്രീയേയും ഒരു യുവാവിനോയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂര്യനെല്ലി സംഭവം ആ പ്രദേശത്തെ പെണ്‍കുട്ടികളെയാകെ മാനം കെടുത്തുന്ന വിധം പാടി പ്രചരിപ്പിച്ചവരുടെ “പിന്‍ഗാമി”കള്‍ കോളനിക്കാരെയാകെ മാനം കെടുത്താന്‍ ശ്രമിക്കാതിരുന്നില്ല. പക്ഷെ അത് ഫലിച്ചില്ല എന്ന് മാത്രം.
ഡല്‍ഹി “നിര്‍ഭയ” സംഭവവും അത് ഉയര്‍ത്തിവിട്ട അതിശക്തമായ രോഷാഗ്നിയും ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും ശക്തമായ മുന്നറിയിപ്പായിരുന്നു. പീഡകര്‍ക്ക് കനത്ത ശിക്ഷ വ്യവസ്ഥ ചെയ്തു.ലൈംഗിക പീഡന പരാതികള്‍ക്ക് ചെവികൊടുക്കാതിരുന്നവര്‍ ജനശക്തിക്ക് മുന്നില്‍ മുട്ടുമടക്കുന്നത് നാം കണ്ടു. കേസന്വേഷണവും വിചാരണയും വിധിപ്രഖ്യാപനവും ഗതിവേഗം കൈവരിച്ചു. പക്ഷെ അതുകൊണ്ടും പ്രതീക്ഷിച്ച ഫലപ്രാപ്തി കൈവന്നിട്ടില്ല. വിദ്യാസമ്പന്നരെന്നും സംസ്‌കാര സമ്പന്നരെന്നും അവകാശപ്പെടുന്ന കേരള സമൂഹം സ്ത്രീക്ക് ഉയര്‍ന്ന പരിഗണന നല്‍കിപ്പോരുന്നുണ്ട്. പക്ഷെ ഇനിയും കാതങ്ങള്‍ മുന്നേറാനുണ്ട്. അതിനായി മുഴുവന്‍ മനുഷ്യസ്‌നേഹികളും കൈകോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Latest