Connect with us

Kerala

രാജ്യസഭാ തിരഞ്ഞെടുപ്പ്: യു ഡി എഫ് അംഗങ്ങള്‍ക്ക് കര്‍ശന വിപ്പ്‌

Published

|

Last Updated

തിരുവനന്തപുരം: മുന്നണിക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 20ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അംഗങ്ങള്‍ക്ക് കര്‍ശന വിപ്പ് നല്‍കാന്‍ തീരുമാനം. പുതിയ ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനാകും വരുന്ന തിങ്കളാഴ്ച ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഒഴികെയുള്ള യു ഡി എഫ് എം എല്‍ എമാര്‍ക്കും വിപ്പ് നല്‍കും. എംഎല്‍എമാര്‍ നിര്‍ബന്ധമായും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നറിയിച്ചുള്ള വിപ്പ് രജിസ്റ്റേര്‍ഡ് പോസ്റ്റായി സ്വവസതിയിലേക്കും ഔദ്യോഗിക വസതിയിലേക്കും എം എല്‍ എ ക്വാര്‍ട്ടേഴ്‌സിലെ വിലാസത്തിലും അയക്കും. വിപ്പ് ലംഘിച്ചു മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയോ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്താല്‍ അയോഗ്യനായി പ്രഖ്യാപിക്കപ്പെടും. എം എല്‍ എ സ്ഥാനം നഷ്ടമാകുകയും. മാണിയോട് ഇടഞ്ഞ നില്‍ക്കുന്ന പി സി ജോര്‍ജിനെ ഉന്നം വച്ചാണ് കര്‍ശന വിപ്പ് നല്‍കാന്‍ മുന്നണി തീരുമാനിച്ചിരിക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് പരസ്യമായി വോട്ട് ചെയ്യുമെന്നു പി സി ജോര്‍ജ് നേരത്തേ പ്രഖ്യാപിച്ചെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുന്നത് ഒഴിവാക്കുകായണ് മുന്നണി ലക്ഷ്യം. എന്നാല്‍, കേരള കോണ്‍ഗ്രസ്-ബി പ്രതിനിധി കെ ബി ഗണേഷ് കുമാറിന് വിപ്പ് ബാധകമാകില്ല. ഒരംഗം മാത്രമുള്ളതിനാല്‍ കൂറുമാറ്റം ഗണേഷിനു ബാധകമാകില്ല.
ഒരാള്‍ വിപ്പ് ലംഘിച്ചതായി നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലം പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കും. അതിനുശേഷമായിരിക്കും അയോഗ്യനായി പ്രഖ്യാപിക്കുന്ന നടപടികള്‍.