Connect with us

Ongoing News

വയനാട്ടിലെ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ കെട്ടിയിട്ട് മദ്യം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോളനിക്കടുത്ത് താമസിക്കുന്ന പൗലോസി(49)നെയാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.അമ്പലവയല്‍ പഞ്ചായത്തിലെ പുറ്റാട് മലയച്ചന്‍ കൊല്ലി കോളനിയിലെ പതിനാറുകാരിയാണ് പീഡനത്തിന് ഇരയായത്. പൗലോസിനൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധു ബിന്ദുവും അയല്‍വാസി വിജിഷ് എന്ന യുവാവും കേസില്‍ പ്രതികളാണ്. അതേസമയം, ചൈല്‍ഡ്‌വെല്‍ഫയര്‍ കമ്മിറ്റി കണിയാമ്പറ്റ നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി വെള്ളിയാഴ്ച രാത്രി അസ്വസ്ഥത പ്രകടിപ്പച്ചു. ഇവര്‍ നിര്‍ഭയയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കൈക്ക് പരുക്കേറ്റ ഇപെണ്‍കുട്ടിയെ രാത്രിയില്‍ തന്നെ ചികിത്സ നല്‍കി. പെണ്‍കുട്ടിയെ ശനിയാഴ്ച കൗണ്‍സലിംഗിന് വിധേയമാക്കി. കോളനിയിലെ പ്രായപൂര്‍തിയാകാത്ത പെണ്‍കുട്ടികളെ പുറമെ നിന്നുള്ള ആളുകള്‍ ചൂഷണം ചെയ്തിരുന്നുവെന്ന ആരോപണം ശരിവെക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകള്‍ പെണ്‍കുട്ടി നടത്തിയെന്നാണ് സൂചന. ഇന്നലെ പെണ്‍കുട്ടിയെ അമ്മയുടെ സംരക്ഷണത്തില്‍ 25,000 രൂപ ബോണ്ടില്‍േ താത്കാലികമായി വിട്ടയച്ചു. ഇതിനിടെ ഈ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോളനിക്കു സമീപമുള്ള തുരുത്തില്‍ വിനീഷ് (27) എന്നയാള്‍ക്കെതിരേ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. കെട്ടിയിട്ട ശേഷം തന്നെ ബലമായി മദ്യം കുടിപ്പിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇവരുടെ ബന്ധുവായ ബിന്ദു, ഭര്‍ത്താവ് പൗലോസ് എന്നിവര്‍ക്കെതിരേ പോലീസ് വെള്ളിയാഴ്ച കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം വിനീഷ് തന്നെ ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിനു നല്‍കിയ പുതിയ മൊഴി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കു വിധേയമാക്കിയ ശേഷം പോലീസ് ഇവരെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഇതിനിടെ പട്ടികവര്‍ഗ വികസന മന്ത്രി പി കെ ജയലക്ഷ്മി കോളനി സന്ദര്‍ശിച്ചു.