Connect with us

Malappuram

കാര്‍ കത്തിച്ച സംഭവം; ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറസ്റ്റില്‍

Published

|

Last Updated

തിരൂര്‍: ബി പി അങ്ങാടി കണ്ണംകുളത്ത് അപകടത്തില്‍പ്പെട്ട കാര്‍ കത്തിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പ്രദേശ വാസികളായ മൂന്ന് പേരെയാണ് തിരൂര്‍ പോലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
കൃത്യം നടത്തിയ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞിച്ചുണ്ട്. കാളാത്ത് മലയില്‍ ഖമറുദ്ദീന്‍, പുഴവക്കത്ത് മുസ്തഫ(42), നാലകത്ത് മുഹമ്മദലി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ടവേര കാറും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ച് കഴിഞ്ഞ മാസമാണ് അപകടം നടന്നത്.
അപകടത്തില്‍പ്പെട്ട ഓട്ടോ യാത്രികരെ ഗുരുതാരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസെത്തി നാട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു. ശേഷം മഗ്‌രിബ് നമസ്‌കാരത്തിനായി ആളുകള്‍ പള്ളിയില്‍ പോയപ്പോള്‍ ഒരു സംഘം കാറിന് തീയിട്ട് നശിപ്പിക്കുകയാണ് ചെയ്തത്.
തീയിട്ട ശേഷം പ്രതികള്‍ സംഭവത്തെ വര്‍ഗീയമായി പഴിചാരുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസില്‍ സമ്മര്‍ദങ്ങളുണ്ടായിരുന്നു. അതേസമയം പിടിക്കപ്പെട്ട പ്രതികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നു. കുറ്റകൃത്യത്തില്‍ നിന്നും ഒളിച്ചോടാന്‍ പ്രതികള്‍ തന്നെ ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടുന്നതിന് ചോദ്യം ചെയ്യാന്‍ വിസമ്മതിച്ചതോടെ ഇവരുടെ മേല്‍ പോലീസിന്റെ സംശയം ശക്തിപ്പെടുകയായിരുന്നു.
തുടര്‍ന്ന് തിരൂര്‍ എസ് ഐ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ നാസര്‍, ഷിനി, ബിജു, മുജീബ് എന്നിവരടങ്ങിയ സംഘം കണ്ണംകുളത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. . പ്രതികളെ റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലിലടച്ചു.

Latest