Connect with us

Kozhikode

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ക്ക് ഇനി കലക്ടറുടെ കെണി

Published

|

Last Updated

കോഴിക്കോട്: മൂത്രപ്പുരയില്‍ പോകാതെ ബസ്സ്റ്റാന്‍ഡിലെ മൂലയില്‍ പാത്തും പതുങ്ങിയും കാര്യം സാധിക്കുന്നവര്‍ ജാഗ്രതൈ. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവരെ പിടികൂടാനാണ് ജില്ലാ കലക്ടര്‍ കെണിയൊരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കിയിരുന്ന സ്ഥലം കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം കലക്ടറും സംഘവും ശൂചീകരിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിയാണ് പരിസരമെല്ലാം വൃത്തിയാക്കിയെടുത്തത്.

ഏറെ പ്രയാസപ്പെട്ട് ശുചീകരിച്ച പ്രദേശം അത്‌പോലെ തന്നെ വൃത്തിയായി നിലനിര്‍ത്താനാണ് കലക്ടര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേള്‍ക്കുന്നവര്‍ക്ക് അല്‍പം ആശ്ചര്യം തോന്നുമെങ്കിലും ബസ് സ്റ്റാന്റിനെ നന്നാക്കിയെടുക്കാനാവുമോ എന്നു രണ്ടും കല്‍പ്പിച്ചാണ് കലക്ടറുടെ പുറപ്പാട്. കലക്ടറുടെ ഫെയ്‌സ് ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് അഭിപ്രായങ്ങളും തേടിയിട്ടുണ്ട്.
ബസ് സ്റ്റാന്റില്‍ പരസ്യമായി കാര്യം സാധിക്കുന്നവരുടെ ഫോട്ടോയെടുത്ത് ഇതു സംബന്ധിച്ച് വിവരം നല്‍കിയ ത്രെഡില്‍ പോസ്റ്റ് ചെയ്യാനാണ് കലക്ടറുടെ നിര്‍ദേശം. ഏറ്റവും നല്ല മൂന്ന് ചിത്രങ്ങള്‍ക്ക് ത്രിമൂത്രി സമ്മാനം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. നവ മാധ്യമങ്ങള്‍ വഴി ജില്ലയുടെ വികസന വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന കലക്ടറുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറക്ക് പരിശീലനവും പങ്കാളിത്തവും നല്‍കുന്നതിനായി ആരംഭിച്ച ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ നിര്‍ദേശങ്ങള്‍ തേടിയതും നേരത്തെ വാര്‍ത്തായിയിരുന്നു. കലക്ടര്‍ എന്‍ പ്രശാന്തിന്റെ പുതിയ നീക്കത്തിനും പൊതുജനങ്ങളുടെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കലക്ടറുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം നല്ലവരായ നാട്ടുകാര്‍ വൃത്തിയാക്കിയ ബസ് സ്റ്റാന്റ് പരിസരമാണ് (തെക്ക് കിഴക്കേ അതിര്‍ത്തി ) ചിത്രത്തില്‍ കാണുന്നത്. ഫയര്‍ ഫോഴ്‌സ് വെള്ളം ചീറ്റി വൃത്തിയാക്കുന്നത് അവിടത്തെ അസഹ്യമായ മുത്രത്തിന്റെ നാറ്റം കളയാനാണ്. തൊട്ടപ്പുറത്ത് നല്ല മൂത്രപ്പുര ഉണ്ടെങ്കിലും പരസ്യമായി കാര്യം സാധിക്കുന്നവര്‍ ഇന്നും മലയാളികള്‍ക്കിടയില്‍ ഉണ്ട് എന്നത് എന്ത് നാണക്കേടാണ്. ബഹു. മേയറുമായി സംസാരിച്ചു: ഈയൊരിടം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ആലോചനയുണ്ട്. ആശയങ്ങള്‍ പോസ്റ്റ് ചെയ്യാം.
ഏതായാലും ഇന്ന് മുതല്‍ ഇവിടെ വീണ്ടും മൂത്രപ്പുരയാക്കാന്‍ വരുന്ന മാന്യന്മാരുടെ ചിത്രം എടുത്ത് ഇവിടെ ഈ ത്രെഡില്‍ പോസ്റ്റ് ചെയ്യാന്‍ നാട്ടുകാരെ ക്ഷണിക്കുന്നു. ഏറ്റവും നല്ല മൂന്ന് ചിത്രങ്ങള്‍ക്ക് ത്രിമൂത്രി സമ്മാനം ഉണ്ടാവുന്നതാണ്.

Latest