യമന്‍: നിഷ്പക്ഷത പാലിക്കുമെന്ന് പാക്കിസ്ഥാന്‍

Posted on: April 11, 2015 4:58 am | Last updated: April 10, 2015 at 11:59 pm

navas shareefലാഹോര്‍: യമന്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാനുള്ള പ്രമേയം പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് ഐക്യകണ്‌ഠേന പാസാക്കി. സഊദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യമനിലെ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നേരിട്ട് പങ്കാളിയാവില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. യമനിലെ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിനുള്ള സഊദിയുടെ അഭ്യര്‍ഥന സംബന്ധിച്ച് പാര്‍ലമെന്റില്‍ ഈ ആഴ്ച മുഴുവന്‍ സംവാദം നടന്നിരുന്നു. ധനകാര്യമന്ത്രി ഇസ്ഹാഖ് ധാര്‍ അവതരിപ്പിച്ച പ്രേമയം ഐക്യകണ്‌ഠേനയാണ് പാസായത്. യമന്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന പ്രമേയത്തില്‍ സഊദിക്ക് അസന്ദിഗ്ധമായ പിന്തുണ നല്‍കുന്നതായും പറയുന്നു. മേഖലയില്‍ യമന്റെ അഖണ്ഡത തകര്‍ക്കപ്പെടുകയോ മുസ്‌ലിങ്ങളുടെ വിശുദ്ധ സ്ഥലങ്ങളായ മക്കക്കും മദീനക്കും ഭീഷണിയുയരുകയോ ഉണ്ടായാല്‍ പാക്കിസ്ഥാന്‍ സഊദിയുടെ തോളോട്‌തോള്‍ ചേരുമെന്ന് പാര്‍ലിമെന്റില്‍ അംഗങ്ങള്‍ സമ്മതിച്ചു. യമന്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിലായ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് തുര്‍ക്കി നേത്യത്വവുമായി ആശയവിനിമയം നടത്തിയതിന് പിറകെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ് പാക്കിസ്ഥാനിലെത്തിയതിനിടെയാണ് ഇന്നലെ പാര്‍ലിമെന്റില്‍ വോട്ടെടുപ്പ് നടന്നത്. പാക് നേതാക്കള്‍ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് റിയാദില്‍വെച്ച് മുതിര്‍ന്ന സഊദി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പാക് സൈനിക നേതൃത്വവും ഇറാനുമായും ഈജിപ്തുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. യമന്‍ സംഘര്‍ഷത്തില്‍ ഇടപെടാനുള്ള സഊദിയുടെ അഭ്യര്‍ഥന സംബന്ധിച്ച് തിങ്കളാഴ്ചമുതല്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും ചര്‍ച്ച ചെയ്യുന്നുണ്ട്. തിങ്കളാഴ്ചയാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പാക് നേതൃത്വത്തെ സഊദിയുടെ അഭ്യര്‍ഥന അറിയിക്കുന്നത്. യമനില്‍ ഹൂതികള്‍ക്കെതിരെ പോരാടുന്നതിന് പോര്‍ വിമാനങ്ങള്‍, കരസൈന്യം, യുദ്ധക്കപ്പലുകള്‍ എന്നിവ നല്‍കണമെന്നായിരുന്നു സഊദിയുടെ അഭ്യര്‍ഥന. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച യമന്‍ പ്രസിഡന്റ് അബദുറബ്ബ് മന്‍സൂറിന്റെ അഭ്യര്‍ഥന പ്രകാരം മാര്‍ച്ച് 25നാണ് ഹൂതി വിമതര്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചത്. മാര്‍ച്ച് 27മുതല്‍ സഊദിയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് ഹാദി.