പനാമ ഉച്ചകോടിയില്‍ നിര്‍ണായക ക്യൂബ- അമേരിക്ക ചര്‍ച്ച

Posted on: April 11, 2015 3:56 am | Last updated: April 10, 2015 at 11:58 pm

cuba and usഹവാന: ക്യൂബയും അമേരിക്കയും  തമ്മില്‍ ചരിത്രപരമായ വിദേശകാര്യമന്ത്രിതല ചര്‍ച്ച. ഇരുരാജ്യങ്ങളും ശത്രുതയുടെ പതിറ്റാണ്ടുകള്‍ പിന്നിലാക്കി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും നിര്‍ണായക ചര്‍ച്ചക്കാണ് പനാമ സാക്ഷ്യം വഹിച്ചത്. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഫിദല്‍ കാസ്‌ട്രോ#േയുടെ നേതൃത്വത്തിലുള്ള വിപ്ലവ സര്‍ക്കാര്‍ ക്യൂബയില്‍ അധികാരമേറ്റ 1958ന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്.
ഇന്നലെ ആരംഭിച്ച ഉച്ചകോടിക്കായി യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പനാമയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് സൂചന. 35 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് സമാപിക്കും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായാണ് അമേരിക്ക ഈ ഉച്ചകോടിയെ കാണുന്നത്. ഇത് ആദ്യമായാണ് അമേരിക്കാസിലെ മുഴുവന്‍ രാജ്യങ്ങളും ഉച്ചകോടിക്ക് പ്രതിനിധികളെ അയക്കുന്നത് എന്ന പ്രത്യേകതയും പനാമ ഉച്ചകോടിക്കുണ്ട്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഈ ഉച്ചകോടി നടക്കാറുള്ളത്. ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്ക മുന്‍കൈയെടുത്ത പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് വന്‍ മാധ്യമ പ്രധാന്യം കൈവരിച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ക്യൂബയെ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കുക, ഉപരോധം പൂര്‍ണമായി നീക്കുക തുടങ്ങിയ നടപടികള്‍ അമേരിക്ക തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ക്യൂബയാകട്ടെ, സമ്പദ്‌വ്യവസ്ഥയില്‍ തന്നെ കാതലായ മാറ്റത്തിന് സന്നദ്ധമായിരിക്കുകയാണ്.