മായം കലര്‍ന്ന രണ്ട് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു

Posted on: April 10, 2015 10:09 am | Last updated: April 10, 2015 at 10:09 am

മലപ്പുറം: മായം കലര്‍ത്തി വില്‍പന നടത്തിയ രണ്ട് ബ്രാന്‍ഡ് വെളിച്ചെണ്ണ ജില്ലയില്‍ നിരോധിച്ചു. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന കേരള പ്ലസ്, ബ്ലെയ്‌സ് എന്നീ ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണയിലാണ് മായം കലര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.
അഞ്ച് കമ്പനികളുടെ വെളിച്ചെണ്ണകള്‍ ഗുണനിലവാരമില്ലെന്ന് കണ്ട് സാമ്പിളുകള്‍ സൂക്ഷ്മ പരിശോധനക്കയച്ചിട്ടുണ്ട്.
ഉല്‍പാദന കേന്ദ്രം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അറിയിപ്പ് അധികൃതര്‍ കമ്പനി ഉടമകള്‍ക്ക് കൈമാറി. ശരാശരി വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കേണ്ട പോഷക ഘടകങ്ങള്‍ ഇല്ലെന്നതാണ് ഇവയുടെ ഗുണനിലവാരത്തിന് കോട്ടമായത്. ഈ കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകള്‍ സൂക്ഷമ പരിശോധനക്കയച്ചിട്ടുണ്ട്. കാര്യമായ വ്യതിയാനം കണ്ടെത്തിയാല്‍ അഞ്ച് ബ്രാന്റുകളും നിരോധിക്കും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊതുജന താത്പര്യാര്‍ഥം, ഇവയുടെ വില്‍പ്പന, വിതരണം, സംഭരണം എന്നിവ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ നേരത്തെ അറിയിച്ചിരുന്നു. നിരോധിച്ച ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണ കൈവശം സൂക്ഷിക്കുകയോ വില്‍ക്കുകയോ വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 56 പ്രകാരം രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒന്‍പത് ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംസ്ഥാന വ്യാപകമായി വില്‍പന നടത്തുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിരുന്നു. കല്ലടപ്രിയം, കോക്കോ സുധം, കേര പ്ലസ്, ഗ്രീന്‍ കേരള, കേരള എ വണ്‍, പുലരി, കേര സൂപ്പര്‍, കേര ഡ്രോപ്പ്, ബ്ലെയ്‌സ് എന്നിവയാണ് നിരോധിച്ചിരുന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ജില്ലയില്‍ അടുത്ത ദിവസങ്ങളിലും പരിശോധന തുടരും.
നിരോധിച്ച ബ്രാന്‍ഡുകള്‍ വിപണിയില്‍ കണ്ടെത്തിയാല്‍ 1800 426 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷനറുടെ 8943346190 നമ്പരിലോ വിളിച്ചറിയിക്കാം.