അമിതമദ്യപാനം: ആദിവാസി കോളനികളില്‍ അശാന്തിയുടെ നിലവിളികള്‍

Posted on: April 10, 2015 10:01 am | Last updated: April 10, 2015 at 10:01 am

മാനന്തവാടി: മദ്യത്തിന്റെ അമിത ഉപയോഗം ആദിവാസി കോളനികളില്‍ അശാന്തി പടര്‍ത്തുന്നു. മദ്യത്തിന് അടിപ്പെട്ട ആദിവാസി കോളനികള്‍ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കാഴ്ചയാണ്. പുരുഷന്‍മാരും സ്ത്രീകളും മാത്രമല്ല പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പോലും മദ്യത്തിന് അടിമപ്പെടുന്ന സ്ഥിതിയാണിപ്പോഴുള്ളത്. മദ്യത്തിന്റെ ഉപയോഗം ആദിവാസി കോളനികളില്‍ ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. ഭക്ഷണം പാകം ചെയ്ത് വച്ചാല്‍ പോലും ഇത് കഴിക്കാന്‍ പോലും ആദിവാസി കോളനികളിലെ സ്തീകള്‍ക്കാവുന്നില്ല. പാകം ചെയ്തു വയ്ക്കുന്ന ഭക്ഷണങ്ങള്‍ മദ്യപിച്ചെത്തുന്ന പുരുഷന്‍മാര്‍ നശിപ്പിക്കുന്നത് മൂലം സ്തീകളും കുട്ടികളും പല രാത്രികളിലും പട്ടിണിയിലാണ്.

ആദിവാസി വിഭാഗത്തിന്റെ സേവനത്തിനായി കോടികള്‍ ചെലവാക്കുന്ന സംസ്ഥാനത്ത് ആദിവാസികളെ മദ്യവിമുക്തരാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം. പട്ടിക വര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളുടെ വികസന കാര്യത്തില്‍ തികഞ്ഞ നിസ്സംഗത പാലിക്കുകയാണെന്ന ആരോപണം പരക്കെയുണ്ട്. പണ്ടത്തേതില്‍ നിന്നും വ്യത്യസ്ഥമായി ആദിവാസി കോളനികളില്‍ വാഹനങ്ങളില്‍ മദ്യമെത്തിച്ചു നല്‍കുന്ന പതിവ് ഇപ്പോള്‍ ഏറി വരികയാണ്. ഇതിന് തടയിടാന്‍ എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്ന ആരോപണമുണ്ട്.
മദ്യലഹരിയില്‍ അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്ന സംഭവമാണ് അവസാമുണ്ടായത്. എടവക കുന്ദമംഗലം ഏറണാല്‍ കോളനിയിലെ 60 കാരാനായ ബോളനാണ് മകന്‍ മുപ്പത് വയസ്സ് കാരനായ രാജുവിന്റെ മര്‍ദ്ദനമേറ്റ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രാജു റിമാന്റിലാണ്.ഈ കോളനികളില്‍ വാഹനത്തില്‍ മദ്യമെത്തിച്ച് നല്‍കുന്നവര്‍ അനവധിയാണെന്ന് പ്രദേശവാസികള്‍ തന്നെ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് തൃശ്ശിലേരി പള്ളിക്കവലയിലെ ബങ്കി അമിതമദ്യപാനത്തെ തുടര്‍ന്ന് മരിച്ചത്. അമിത മദ്യപാനത്തെ തുടര്‍ന്ന് വള്ളിയൂര്‍ക്കാവിനു സമീപം അവശ നിലയില്‍ കണ്ടെത്തി ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ബത്തേരി തിരുനെല്ലി പണിയ കോളനിയിലെ ചെണ്ടനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
അമിതമദ്യപാനം മൂലം ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു വരികയാണ്.
പണിയ വിഭാഗത്തില്‍ പെട്ടവരാണ് ഇതില്‍ കൂടുതലും. മദ്യം നല്കി ആദിവാസികളെ അന്യസംസ്ഥാനത്തേക്ക് കൊണ്ടു പോയി പണിയെടുക്കുന്ന പതിവും ജില്ലയില്‍ വര്‍ധിച്ചു വരുന്നുണ്ട്. ഇതിന് തടയിടാന്‍ ബന്ധപ്പെട്ടവരാരും തയ്യാറാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആദിവാസികള്‍ക്കായി നടത്തുന്ന സിറ്റിങ്ങുകള്‍ ജില്ലയില്‍ പ്രഹസനമാവുകയാണ്. മദ്യമെത്തിച്ച് കുടുംബത്തോടെ മദ്യപിക്കുന്ന കാഴ്ച ജില്ലയിലെ കോളനികളിലെ പതിവ് കാഴ്ചയാണ്. ആദിവാസികളുടെ വികസനത്തിനായി പ്രമോട്ടര്‍മാരെ നിയമ്മിക്കുന്നത് പോലെ കോളനികളുടെ വികസനത്തിനായി പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സ്‌ക്വാഡുകള്‍ രൂപവത്ക്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വയനാട്ടില്‍ നിന്നുള്ള മന്ത്രി പി.കെ. ജയലക്ഷ്മിയാണ് സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ സമഗ്രവികസനത്തിനായി ഇവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം വേണമെന്ന ആവശ്യമാണ് എങ്ങു നിന്നും ഉയരുന്നത്.