പ്രവേശനത്തിന് കോഴ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവേശനം തടയും: കെ എസ് യു

Posted on: April 10, 2015 9:59 am | Last updated: April 10, 2015 at 9:59 am

കല്‍പ്പറ്റ: പ്ലസ് വണ്‍, ഡിഗ്രി ബിരുദ കോഴ്‌സുകള്‍ക്ക് കോഴ വാങ്ങുന്നതിനെതിരെ ഈ വര്‍ഷം പ്രവേശനം തടയുന്ന രീതിയിലുള്ള ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ അറിയിച്ചു.
പണം മാനദണ്ഡമാക്കിയുള്ള വിദ്യാഭ്യാസക്കച്ചവടം വിദ്യാര്‍ത്ഥി സമൂഹത്തിനോടുള്ള വെല്ലുവിളിയും പാവപ്പെട്ട വിദ്യാര്‍ത്ഥികളെ നിരക്ഷരരാക്കാന്‍ വേണ്ടിയുള്ള സമീപനമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ നടത്തിവരുന്നത്. നിര്‍ധനരായ വിദ്യാര്‍ത്ഥികളെയും ന്യൂനപക്ഷ സമൂഹത്തിന്റെ ഉന്നമനവും ഉയര്‍ന്ന വിദ്യാഭ്യാസവും പറഞ്ഞ് വിദ്യാഭ്യാസമേഖലയിലെ അഫിലിയേഷന്‍ വാങ്ങിയെടുത്ത് ഈ തസ്തികയിലെ 20 ശതമാനം വരുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സൗജന്യ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി അറവുശാലയിലെ മാടുകളെ വില്‍പ്പന ചെയ്യുന്ന വിധത്തേക്കാള്‍ കച്ചവടവത്ക്കരിച്ചുകൊണ്ട് വിദ്യാഭ്യാസ മാഫിയ മുന്നോട്ടുപോകുകയാണ്. പിന്നോക്ക ജില്ലയായ വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിന് വേണ്ടി യു ജി സിയില്‍ നിന്നും കോടികളുടെ ആനുകൂല്യങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. ഈ ആനുകൂല്യങ്ങളൊക്കെ അതീവ താല്‍പര്യത്തോടെ വാങ്ങിയെടുത്ത് അധികാരികളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് അര്‍ഹതയുള്ള 20 ശതമാനം വരുന്ന വിദ്യാര്‍ത്ഥികളെ പുറന്തള്ളി ബ്ലേഡ് പലിശക്കാരേക്കാള്‍ നീചമായ രീതിയിലുള്ള വിദ്യാഭ്യാസ കച്ചവടത്തിന് മാനേജ്‌മെന്റ് നേതൃത്വം നല്‍കുകയാണ്. ജില്ലയിലെ വിദ്യാഭ്യാസമേഖലയെ പിന്നോട്ട് വലിക്കുന്നതിനുള്ള ഉദ്ദാഹരണമാണ് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ തര്‍ക്കങ്ങള്‍. ഇതിനെതിരെയും ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. കഴിഞ്ഞ വര്‍ഷം എയ്ഡഡ്-അണ്‍ എയ്ഡഡ് ക്യാംപസുകളില്‍ ബി കോം, ബി ബി എ, ബി എസ് സി, ബി സി എ, ബി എ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഒരു ലക്ഷത്തിലധികം വരുന്ന ഭീമമായ രൂപയാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും മാനേജ്‌മെന്റ് തട്ടിയെടുത്തത്. ഇതിനെതിരെ ശക്തമായ സമരപരമ്പര തന്നെ കെ എസ് യു കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു.
വാഴ്‌സിറ്റിയില്‍ നിന്നും ജില്ലയിലെ പല ക്യാമ്പസുകള്‍ക്കുമെതിരെ വാഴ്‌സിറ്റി നോട്ടീസയക്കുകയും അന്വേഷണ കമ്മീഷനെ വെക്കുകയും ചെയ്തു. സമരവിജയമായി വിദ്യാര്‍ത്ഥി സമൂഹം അത് ഏറ്റെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥി അവകാശങ്ങള്‍ വാഴ്‌സിറ്റി നിയമങ്ങള്‍ പഠിക്കാതെ മാതാപിതാക്കള്‍ സ്വന്തം പുരയിടം പോലും പണം വെച്ച് മക്കള്‍ക്ക് വേണ്ടി സീറ്റ് വാങ്ങിച്ചുകൊടുക്കുന്ന ഈ പ്രവണത മാതാപിതാക്കളുടെ അറിവില്ലായ്മ കൊണ്ടാണ്. മാതാപിതാക്കളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ അവകാശ നിയമങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ മൂന്നിടത്ത് ക്യാംപയിന്‍ നടത്താന്‍ തീരുമാനമായി. ഈ അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സമരപ്രഖ്യാപനം നടത്തുന്നത് മാനേജ്‌മെന്റിനുള്ള മുന്നറിയിപ്പായി കാണണമെന്നും ഇനിയം, അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ അവസരം നിഷേധിച്ച് മുന്നോട്ടുപോയാല്‍ ശക്തമായ സമരപോരാട്ടങ്ങള്‍ നേരിടേണ്ടി വരുമെന്നും ജഷീര്‍ പള്ളിവയല്‍ അറിയിച്ചു.