ജനസമ്പര്‍ക്കം: 13നകം നടപടി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍

Posted on: April 10, 2015 9:53 am | Last updated: April 10, 2015 at 9:53 am

കോഴിക്കോട്: ഈ മാസം 27 ന് മലബാര്‍ ക്രസ്ത്യന്‍ കോളജില്‍ നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഓണ്‍ലൈനായി ലഭിച്ച 11089 അപേക്ഷകളില്‍ ഇതിനകം എടുത്ത നടപടികളെക്കുറിച്ച് 13നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷയെ സംബന്ധിച്ച് അധിക രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ അപേക്ഷകരുമായി ഫോണില്‍ ബന്ധപ്പെട്ട് അവ ലഭ്യമാക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
മാര്‍ച്ച് 28നകം അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ജനസമ്പര്‍ക്ക വേദിയില്‍വെച്ച് നേരിട്ട് അപേക്ഷ നല്‍കാം. ഇതിനായി 30 അക്ഷയ കൗണ്ടറുകള്‍ സജ്ജീകരിക്കും. അപേക്ഷകളുടെ എണ്ണം കൂടുകയാണെങ്കില്‍ അധിക കൗണ്ടറുകള്‍ തുറക്കും. ജില്ലയെ പൊതുവായി ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനായി ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം യോഗത്തില്‍ ആര്‍.ഡി.ഒ ഹിമാന്‍ഷുകുമാര്‍ റായ്, റൂറല്‍ എസ്.പി.പി.എച്ച്.അഷ്‌റഫ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ.ഗോപാലകൃഷ്ണന്‍, ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.ഹിമ, ഷാമിന്‍ സെബാസ്റ്റ്യന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.